കെഎസ്ആർടിസി അതിജീവന യാത്ര പിറവത്തുനിന്ന് ആരംഭിച്ചു
1543805
Sunday, April 20, 2025 4:12 AM IST
പിറവം: കെഎസ്ആർടിസിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നും, ഇടതു സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസിന്റെ ട്രേഡ് യൂണിയനായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നടത്തുന്ന അതിജീവന യാത്രയുടെ 10-ാം ദിവസത്തെ പര്യടനം പിറവത്തുനിന്നും ആരംഭിച്ചു.
കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലുമെത്തി 24ന് തിരുവനന്തപുരത്ത് സമാപിക്കും. 30ന് കെഎസ്ആർടിസി യൂണിയനുകളുടെ റഫറണ്ടം നടക്കുന്നതിന് മുന്നോടിയായിട്ടാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.
പിറവം കെഎസ്ആർടിസി ഡിപ്പോയിൽ പര്യടനത്തോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനം ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ടിഡിഎഫ് പിറവം ഡിപ്പോ യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം. വിൻസന്റ് എംഎൽഎ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ്, തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.