നഗര വികസനം സമയബന്ധിതമായി പൂർത്തീകരിക്കും: മാത്യു കുഴൽനാടൻ
1544454
Tuesday, April 22, 2025 7:00 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കും വ്യാപാരികൾക്കും ആശങ്ക വേണ്ടെന്നും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലെ നഗര വികസനവുമായി ബന്ധപ്പെട്ട് കച്ചേരിത്താഴം മുതൽ സയാന ഹോട്ടൽ വരെയുള്ള റോഡ് നിർമാണം കെആർബി, കെഎസ്ഇബി, ജല അഥോറിറ്റി എന്നീ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളോടെ പുരോഗമിക്കുകയാണ്.
റോഡിന്റെ മധ്യ ഭാഗത്ത് കൂടിയാണ് പൈപ്പുകൾ പോകുന്നതെന്നാണ് ജല അഥോറിറ്റി പറഞ്ഞിരുന്നതെങ്കിലും നിർമാണത്തിനിടെ നാല് മീറ്ററിനുള്ളിൽ തന്നെ പൈപ്പ്ലൈനുകൾ കണ്ടെത്തി. തുടർന്ന് എട്ട് മീറ്റർ വീതിയിൽ നടത്താനിരുന്ന നിർമാണപ്രവൃത്തികൾ നാല് മീറ്റർ വീതിയിൽ ആദ്യഘട്ടം പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ഈ ഭാഗത്ത് ഡക്ടിന് ഉള്ളിലൂടെയുള്ള പുതിയ പൈപ്പിടലും ഹൗസ് കണക്ഷൻ സ്ഥാപിക്കലും നടക്കുന്നുണ്ട്. നഗര റോഡുകളുടെ നിർമാണത്തിനായി ഓരോ വകുപ്പുകളും തയാറാക്കിയ നിർമാണ ഷെഡ്യൂൾ പ്രകാരമാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. കച്ചേരിത്താഴം മുതൽ സയാന ഹോട്ടൽ വരെയുള്ള മുഴുവൻ വൈദ്യുതി പോസ്റ്റുകളും മാറ്റി റോഡ് വികസനത്തിന് അനുകൂലമായ സാഹചര്യം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.
ജല അഥോറിറ്റി നിശ്ചിത സമയത്ത് പൈപ്പിടൽ പൂർത്തീകരിക്കാത്തത് പ്രതിസന്ധിയായി. റോഡ് നിർമാണപ്രവർത്തികൾക്കിടെ നഗരത്തിലെ ഗതാഗതക്കുരുക്കുകൾ പരമാവധി കുറച്ച് വാഹനങ്ങൾക്ക് എളുപ്പം കടന്നു പോകാൻ കഴിയുന്ന വിധമാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.