സിപിഎം രഹസ്യ അജൻഡ അങ്ങാടിപ്പാട്ട്: കോണ്‍ഗ്രസ്
1460051
Wednesday, October 9, 2024 8:47 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്കു വിജയം സമ്മാനിക്കുകയെന്ന സിപിഎമ്മിന്റെ രഹസ്യ അജൻഡ ഇന്ന് അങ്ങാടിപ്പാട്ടാണെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന സായാഹ്നപ്രതിഷേധസദസ് തൃശൂർ കോർപറേഷൻ ഓഫീസിനു മുന്പിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂരം അട്ടിമറിക്കാൻ നേതൃത്വംകൊടുത്ത എഡിജിപിയെ മാറ്റിയതോടെ അന്തർനാടകം പൊളിഞ്ഞു. അഴിമതി മൂടിവയ്ക്കാനും കോണ്‍ഗ്രസിനെ ദുർബലപ്പെടുത്താനുമാണു വർഗീയകക്ഷിക്കു വിജയം സമ്മാനിച്ചത്. മതേതരകേരളത്തിനുമുന്പിൽ മുഖ്യമന്ത്രി ഒറ്റുകാരനായി. അഴിമതി മൂടിവയ്ക്കാനും ആരോപണങ്ങൾ നേരിടാനും എന്തുംചെയ്യുന്ന പിണറായി വിജയൻ കേരളത്തിലെ സിപിഎമ്മിന്റെ അവസാനമുഖ്യമന്ത്രിയാകുമെന്നും എംപി പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും ഗതികേടു സിപിഎമ്മിനു കേരളത്തിലുമുണ്ടാകും.
യുഡിഎഫ് ജില്ലാ കണ്‍വീനർ കെ.ആർ. ഗിരിജൻ, സി.എച്ച്. റഷീദ്, തോമസ് ഉണ്ണിയാടൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, രാജൻ പല്ലൻ എന്നിവർ പ്രസംഗിച്ചു.