കലയുടെ നിറച്ചാർത്ത്
1244703
Thursday, December 1, 2022 12:45 AM IST
ഒറ്റപ്പാലം: കലയുടെ നിധിയറ തുറന്ന് കാഴ്ചവട്ടങ്ങളുടെ നാദ താള ലാസ്യലയ സംഗമം. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പകലിരവുകൾക്ക് വിസ്മയ കാഴ്ചകളുടെ പൂർണത.
കലയുടെ കനകചിലന്പൊലികളുതിർന്ന നിളാ തടത്തിൽ മയൂര നൃത്തമാടി മത്സരാർഥികൾ. കൗമാരോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
കലോത്സവത്തിന്റെ മൂന്നാം നാളിൽ ഓരോ മത്സര ഇനങ്ങളും ആവേശത്തിന്റെ മൂർധന്യത്തിലെത്തി ഇഞ്ചോടിഞ്ച് മത്സരമാണ് ഓരോ ഇനങ്ങളിലും നടന്നത്.
കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്നത്തെ പ്രധാന ഇനം തിരുവാതിരക്കളി മത്സരമാണ്.
ഒപ്പനയുടെ ഈശലുകളും, തനിമ ചോരാത്ത നാടോടി നൃത്തത്തിന്റെ മനോഹാരിതയും വേദികളെ വർണ്ണ വൈവിധ്യമാക്കും. പൂരക്കളിയുടെ ആർപ്പുവിളികളും അങ്കക്കലിയുടെ രൗദ്രത ആവാഹിച്ചെടുത്ത അങ്കചേകവന്മാരുടെ പരിചമുട്ടുകളിയും ആക്ഷേപശരങ്ങൾ ഉതിർക്കുന്ന ചാക്യാർകൂത്തുമാണ് മറ്റിനങ്ങൾ. ക്ഷേത്ര കലകളായ കൂടിയാട്ടവും നങ്ങ്യാർകൂത്തും വേദികളെ സന്പുഷ്ടമാക്കും.
സംഘഗാനമാണ് മറ്റൊരിനം.കിന്നരി തലപ്പാവ് വച്ച് ഉറച്ച കാൽവെപ്പുകളോടെ ബാൻഡ് വാദ്യത്തിനൊത്ത് താളത്തിന്റെ ഇടമുറിയാതെ ചുവടുവയ്ക്കുന്ന ബാൻഡ് വാദ്യവും ഇന്നത്തെ ആകർഷണീയ ഇനങ്ങളാണ്.