കട കത്തിനശിച്ച വ്യാപാരിക്ക് ധനസഹായം നൽകി
1263608
Tuesday, January 31, 2023 12:51 AM IST
മണ്ണാർക്കാട്: കട കത്തിനശിച്ച വ്യാപാരിക്ക് ധനസഹായം നൽകി. ആശുപത്രിപ്പടിയിൽ കഴിഞ്ഞ ദിവസം ചില സാമൂഹിക വിരുദ്ധർ കാസിമിന്റെ പെട്ടി കട തീവെച്ചു നശിപ്പിച്ചിരുന്നു. കട പൂർണ്ണമായും കത്തിനശിച്ച് വലിയ നാശ നഷ്ടമുണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് കാസിമിന് സഹായ ധനം നല്കുകയും മറ്റു വ്യാപാരികളുടെ സഹായത്തോടെ കട പുനർനിർമ്മിച്ചു നല്കാനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ സഹായധനം കാസിമിന് കൈമാറി. നാട്ടിലെ ക്രമസമാധാനം ഇല്ലാതാക്കുന്ന മയക്കുമരുന്ന് മാഫിയകളെയും സാമൂഹിക വിരുദ്ധരേയും അമർച്ച ചെയ്യണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ല പ്രസിഡന്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം, ജന സെക്രട്ടറി രമേഷ് പൂർണ്ണിമ, ട്രഷറർ ജോണ്സൻ, മണ്ഡലം ജന. സെക്രട്ടറി ഷമീം കരുവള്ളി, യൂത്ത് വിംഗ് ജില്ല പ്രസിഡണ്ട് ഷമീർ, ബേബി ചാക്കോ, സിബി, കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.