ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ തിളങ്ങി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ
1263830
Wednesday, February 1, 2023 12:30 AM IST
വടക്കഞ്ചേരി: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികവുകൾ പങ്കുവെക്കുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ തിളങ്ങി വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മിടുക്കികൾ. കോവിഡ് കാലത്തെ അകത്തിരിപ്പുകളെ ക്രിയാത്മക വഴികളിലേക്ക് തിരിച്ചുവിട്ട് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാതൃകാ പ്രവർത്തനങ്ങൾ അവതരിപ്പിച്ചാണ് റിയാലിറ്റിഷോയിൽ ചെറുപുഷ്പത്തിലെ മിടുക്കികൾ സംസ്ഥാനതലത്തിൽ ശ്രദ്ധേയരായത്. പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ മികവുകൾക്കൊപ്പം ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്, ഗൈഡ്സ്, ജെആർസി തുടങ്ങി മുപ്പതോളം സംഘടനകളിലൂടെ സാങ്കേതിക രംഗത്തുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് റിയാലിറ്റി ഷോയിൽ വിദ്യാർഥിനികൾ അവതരിപ്പിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിലെ ഫാത്തിമ സാനിയ, പ്രദുമോൾ, പത്താം ക്ലാസിലെ എം. എൻ. അസ്ന , കെ. ശ്രീലക്ഷ്മി, പ്രജീന, അഞ്ജന, ഒന്പതാം ക്ലാസിലെ അഫീഫ, കീർത്തന എന്നിവരാണ് റിയാലിറ്റിഷോയിലൂടെ ചെറുപുഷ്പം സ്കൂളിന്റെ അഭിമാനതാരങ്ങളായിട്ടുള്ളത്. വിദ്യാർഥിനികളുടെ അവതരണ മികവുകൾ ഈ മാസം നാലിന് രാത്രി 7. 30ന് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും.