മാന്നനൂർ ഉരുക്കുതടയണ പുനർനിർമാണത്തിനു സാധ്യത
1425451
Tuesday, May 28, 2024 1:49 AM IST
ഷൊർണൂർ: ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു. മാന്നനൂർ ഉരുക്കുതടയണ പുനർനിർമാണ സാധ്യത ആരാഞ്ഞ് അധികൃതർ. രണ്ട് ദിവസമായി മഴ പെയ്യാതിരുന്നതും ശക്തമായി വെയിലിന്റെ സാന്നിദ്ധ്യമുണ്ടായതുമാണ് പുഴയിൽ നീരൊഴുക്ക് കുറയാൻ കാരണമായത്.
നീരൊഴുക്ക് കുറഞ്ഞതോടെ പുഴയിൽ കുടുങ്ങിയ യന്ത്രങ്ങൾ കരയ്ക്കെത്തിച്ചു. സംരക്ഷണഭിത്തിക്ക് മുകളിൽ കയറ്റിവെച്ചിരുന്ന യന്ത്രങ്ങളാണ് കരയ്ക്ക് എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പുഴയിൽ വെള്ളമുയർന്നത്. പെട്ടെന്നുവന്ന വെള്ളം കാരണം മുഴുവൻ യന്ത്രങ്ങളും മാറ്റുന്നതിന് സമയം ലഭിച്ചിരുന്നില്ല. ഒഴുക്ക് കുറഞ്ഞതോടെയാണ് യന്ത്രങ്ങളുടെ സഹായത്താൽ പുഴയിൽ നിന്ന് സാധനങ്ങൾ കരയ്ക്കെത്തിച്ചത്.
പുഴയിൽ വെള്ളമുയർന്നതോടെ തടയണയുടെ പണി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒഴുക്ക് വർധിച്ചതിനെത്തുടർന്ന് തടയണയുടെ സംരക്ഷണഭിത്തി വീണിരുന്നു. നിർമാണം അവസാനഘട്ടത്തിലിരിക്കെയാണ് 30 മീറ്റർ നീളമുള്ള സംരക്ഷണഭിത്തി വീണത്.
പുഴ ഗതിമാറി ഒഴുകുന്നഭാഗത്ത് പണികൾ പുരോഗമിക്കുമ്പോഴാണ് പുഴയിൽ ജലനിരപ്പുയർന്നത്. ഈ ഭാഗത്തുകൂടി ശക്തിയായി വെള്ളം ഒഴുകുകയായിരുന്നു. പുഴയിൽ നിർമാണത്തിനുപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളുമെല്ലാം വളരെ കഷ്ടപ്പെട്ടാണ് തൊഴിലാളികൾ കരയ്ക്കുകയറ്റിയിരുന്നത്.