പ്രളയബാധിതർക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെൽഫെയർ കേരള സംഗമം
Wednesday, September 12, 2018 9:25 PM IST
കുവൈത്ത്: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച പ്രവാസികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ദുരിതബാധിതതർക്കൊപ്പം എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഒത്തുചേരല്‍ ശ്രദ്ധേയമായി. വെല്‍ഫെയര്‍ കേരള കുവൈത്ത് അബാസിയ മേഖല സംഘടിപ്പിച്ച പരിപാടിയില്‍ പ്രളയബാധിതരായ നിരവധി പ്രവാസികള്‍ പങ്കെടുത്തു.

മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി വര്‍ഷങ്ങളായി സ്വരുകൂട്ടിയുണ്ടാക്കിയ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ മനസ് തുറന്നപ്പോള്‍ സദസ് നിശബ്ദരായി . എല്ലാ നഷ്ടപെട്ടിട്ടും മഹാപ്രളയത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ നിമിഷത്തെ കുറിച്ചു പലരും വാചാലരായി . നഷ്ട്ടപ്പെട്ട വിലപ്പെട്ട രേഖകള്‍ നേടിയെടുക്കാനും സര്‍ക്കാരില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം ലഭ്യമാക്കാനും പ്രവാസികള്‍ക്ക് നോര്‍ക്കയുടെയും ലോക കേരള സഭാ അംഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു .

പ്രളയകേരളം-അതിജീവനം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കേന്ദ്ര വർക്കിംഗ്‌ കമ്മിറ്റി അംഗം റഫീഖ്‌ ബാബു ബോധവല്‍ക്കരണ പ്രസന്‍റേഷൻ അവതരിപ്പിച്ചു. സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തില്‍ നടപ്പിലാക്കിയ അന്ധമായ വികസനനയങ്ങള്‍ പ്രളയത്തിന് വലിയ ആഘാതമുണ്ടാക്കാന്‍ കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയിലും കേരളം കാത്തുസൂക്ഷിച്ച ഉയർന്ന മാനുഷിക മൂല്യങ്ങൾ പ്രതീക്ഷ നൽകുന്നവയാണെന്നും അത് വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കേന്ദ്ര ജനറൽ സെക്രട്ടറി വിനോദ്‌ പെരേര ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡന്‍റ് ഫൈസൽ വടക്കേക്കാട്‌ അധ്യക്ഷത വഹിച്ചു. കേന്ദ്ര ട്രഷറർ ഷൗക്കത്ത്‌ വളാഞ്ചേരി ആശംസാ പ്രസംഗം നടത്തി. മേഖല സെക്രട്ടറി മനാഫ്‌ പുറക്കാട്‌ സ്വാഗതം പറഞ്ഞു.

അതിജീവനത്തിന്റെ ചിത്രങ്ങൾ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ വിജയികളായ ജസ്‌നി ഷമീർ, ഷാജി കോന്നി എന്നിവർക്ക്‌ ചടങ്ങിൽ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ