ഗുരുദക്ഷിണയായി കലാലയവർണങ്ങൾ
Wednesday, April 17, 2019 10:43 PM IST
കുവൈത്ത് : താള-മേള-നാദ-ലയങ്ങളുടെ മാന്ത്രിക സ്പർശത്തിന്‍റെ അകമ്പടിയോടുകൂടി ബിഷപ്പ്‌ മൂർ കോളേജ്‌ അലൂംനി അസോസിയേഷൻ ഒരുക്കിയ ‘കലാലയവർണ്ണങ്ങൾ 2019’ അക്ഷരാർത്ഥത്തിൽ പ്രീയപ്പെട്ട ഗുരുനാഥനു ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി മാറി.

1964-ൽ സ്ഥാപിതമായ മാവേലിക്കര ബിഷപ്പ്‌ മൂർ കോളജിന്‍റെ തുടക്കം മുതൽ അദ്ധ്യാപകനായി സേവനമാരംഭിച്ച പ്രശസ്ത കാർട്ടൂണിസ്റ്റും ഇംഗ്ലീഷ്‌ വിഭാഗം മേധാവി യുമായിരുന്ന പ്രഫ. വി.സി. ജോണിന്‌ മികച്ച അധ്യാപകൻ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസ്കാരം’ ഗൾഫ്‌ യൂണിവേഴ്സിറ്റി സയൻസ്‌-ടെക്നോളാജി വിഭാഗം പ്രഫസർ ഡോ. നിലെ ലെൻസ്‌ സമ്മാനിച്ചു. മാവേലിക്കരയുടെ ദത്തുപുത്രനായ അദ്ദേഹത്തെ സാമൂഹ്യപ്രവർത്തകനായ ആർ.സി. സുരേഷ്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു. കോളജിലെ ആദ്യ ബാച്ച്‌ മുതലുള്ള പൂർവ്വവിദ്യാർഥികൾ തങ്ങളുടെ ഗുരുവിന്‌ വെറ്റിലയും അടയ്ക്കയും ദക്ഷിണയായി നൽകി പരമ്പരാഗതമായ രീതിയിൽ ഗുരുവന്ദനം നടത്തി.

ഏപ്രിൽ 12ന് ജലീബ്‌ സ്മാർട്ട്‌ ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം പ്രഫ. വി.സി. ജോൺ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ കുവൈറ്റ്‌ സീനിയർ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി.

അലൂംനി അസോസിയേഷൻ പ്രസിഡന്‍റ് മനോജ്‌ പരിമണം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കലാലയവർണങ്ങൾ ജനറൽ കൺവീനർ ജെറി ജോൺ കോശി സ്വാഗതവും ട്രഷറാർ സംഗീത്‌ സോമനാഥ്‌ നന്ദിയും പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ബാബുഗോപാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ലോട്ടസ്‌ ട്രേഡിംഗ് കമ്പനി ജനറൽ മാനേജർ ആർ.സി. സുരേഷ്‌, പൂർവവിദ്യാർഥികളായ സാം പൈനുംമൂട്‌ (രക്ഷാധികാരി), ഫിലിപ്പ്‌ സക്കറിയ (ഡാൻ ട്രേഡിംഗ് കമ്പനി ജനറൽ മാനേജർ), രാജീവ്‌ കോടമ്പള്ളിൽ (പ്രോഗ്രാം ഹെഡ്‌, ജനം ടിവി., മിഡിൽ ഈസ്റ്റ്‌) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കലാലയ വർണങ്ങളോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക ഡോ. നിലെ ലെൻസിനു ആദ്യപ്രതി നൽകി പ്രഫ. വി.സി. ജോൺ പ്രകാശനം ചെയ്തു.

കോളജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനുവേണ്ടി പൂർവവിദ്യാർത്ഥിയായിരുന്ന കെ. ശിവന്‍റെ സ്മരണാർഥം അലൂംനി അസോസിയേഷനോടൊപ്പം ചേർന്ന് അദ്ദേഹത്തിന്‍റെ കുടുംബം ഏർപ്പെടുത്തിയ സ്കോളർഷിപ്പിന്‍റെ വിതരണോദ്ഘാടനം ചടങ്ങിൽ പ്രഫ. വി.സി. ജോൺ നിർവഹിച്ചു.

പരിപാടിയോടനുബന്ധിച്ച്‌ തെന്നിന്ത്യൻ സംഗീതലോകത്ത്‌ മലയാളത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഉദയൻ അഞ്ചൽ, ജോസി ആലപ്പുഴ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ ഫ്യൂഷനും കോളജിലെ പൂർവവിദ്യാർഥികളായ രാജീവ്‌ കോടമ്പള്ളിയും ലേഖാ ശ്യാമും അവതരിപ്പിച്ച സംഗീതനിശയും കലാലയവർണങ്ങൾക്ക്‌ കൊഴുപ്പേകി.

റിപ്പോർട്ട്:സലിം കോട്ടയിൽ