ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ സ്വീകരിച്ചു തുടങ്ങി
Wednesday, July 3, 2019 6:57 PM IST
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യക്കാർക്ക് സ്വന്തം കറൻസിയിൽ വിനിമയം നടത്താൻ അവസരം. ജൂലൈ ഒന്നു മുതലാണ് ഷോപ്പിംഗ് നടത്തുന്നതിന് ഇന്ത്യൻ രൂപ സ്വീകരിച്ചു തുടങ്ങിയത്. ഇതോടെ വിദേശ കറൻസിയിൽ വിനിമയം നടത്തുന്ന പതിനാറാമത്തെ കറൻസിയായി ഇന്ത്യൻ രൂപ.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിലും അൽ മക്തൂം ഇന്‍റർനാഷണൽ എയർപോർട്ടിലുമാണ് ഇന്ത്യൻ കറൻസി സ്വീകരിക്കുന്നത്. 100, 200, 500, 2000 നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക. എന്നാൽ ബാക്കി നൽകുക ദിർഹത്തിലായിരിക്കും.


നാൽപത്തേഴ് രാജ്യങ്ങളിൽനിന്നുള്ള ആറായിരത്തോളം ജീവനക്കാരാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ജോലി ചെയ്തുവരുന്നത്. ഇതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാർ.