ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു
Saturday, July 20, 2019 2:35 PM IST
മനാമ: 'ഹൃദയസ്പര്‍ശം' കാര്‍ഡിയാക് കെയര്‍ ഗ്രൂപ് ബഹ്‌റിന്‍ ആറാമതു കാര്‍ഡിയാക് സെമിനാറും സിപിആര്‍ പരിശീലനവും അസ്‌കര്‍ എംസിഎസ്‌സി. ക്യാമ്പില്‍ വച്ച് സംഘടിപ്പിച്ചു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ് രക്ഷാധികാരി സുധീര്‍ തിരുനിലത്തിന്റെ സ്വാഗതത്തോടെ ആരംഭിച്ച സെമിനാറില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളോജിസ്റ്റ് ഡോ. സോണി ജേക്കബ് ഹൃദ്രോഗത്തെക്കുറിച്ചുള്ള വിശദമായ ക്ലാസും, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സര്‍വിസ് ലൈന്‍ ഹെഡും, ലൈസണ്‍ ഫിസിഷനും ആയ ഡോ. ബാബു രാമചന്ദ്രന്‍ പൊതു ആരോഗ്യത്തെക്കുറിച്ചും, അസ്രി മെഡിക്കല്‍ സെന്റര്‍ ഒക്യുപേഷണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാര്‍, ഡോ. ദിലീപ് എന്നിവര്‍ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെകുറിച്ചുമുള്ള ക്ലാസും തൊഴിലാളികള്‍ക്കായി എടുത്തു.

തുടര്‍ന്നു തൊഴിലാളികള്‍ക്ക് സിപിആര്‍ പരിശീലനവും നടത്തി. ഏകദേശത്തെ മുന്നൂറോളം തൊഴിലാളികള്‍ പങ്കെടുത്ത സെമിനാര്‍ കാര്‍ഡിയാക് കെയര്‍ ഗ്രൂപ് അംഗങ്ങള്‍ ആയ രാജീവന്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, മണിക്കുട്ടന്‍, ശ്രീജ ശ്രീധരന്‍, സതീഷ്, രാകേഷ് ശര്‍മ്മ എന്നിവര്‍ നിയന്ത്രിച്ചു.