ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകള്‍ ഓൺ‌ലൈനാക്കി
Tuesday, November 19, 2019 8:35 PM IST
കുവൈത്ത് സിറ്റി : ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയും പുതുക്കലും ഓണ്‍ലൈന്‍ വഴിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസ് പുതുക്കുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങളുടെ സംക്ഷിപ്ത വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കി .

ഇടപാടുകള്‍ തുടങ്ങുന്നതിനായി ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റിൽ ( www.moi.gov.kw) സാധുവായ ഒരു ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉണ്ടായിരിക്കണം. അതോടപ്പം ഈ സര്‍വീസുകള്‍ ഉപയോഗിച്ച് ട്രാഫിക് ലംഘനം, റെസിഡൻസി നില എന്നിവ പരിശോധിക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു . വിദേശികൾക്ക് 65 വയസാവുകയോ പിഴ ഉണ്ടാവുകയോ പ്രഫഷൻ മാറുകയോ രാജ്യം വിടുകയോ ചെയ്താൽ ലൈസൻസ് പുതുക്കാൻ കഴിയില്ല. പദ്ധതി നടത്തിപ്പിന്‍റെ മേൽനോട്ടത്തിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റിൽ സന്ദര്‍ശിച്ച ശേഷം സൈറ്റിനു മുകളില്‍ കാണുന്ന ഇ സര്‍വീസ് എന്ന ടാബില്‍ അമര്‍ത്തനം. തുടര്‍ന്ന് ട്രാഫിക് പേജില്‍ ആവശ്യമായ സര്‍വീസിനുള്ള ലിങ്കുകള്‍ അമര്‍ത്തുക. നേരത്തെ സൃഷ്ടിച്ച ഉപയോക്തൃ ഐഡിയും പാസ്‌വേഡും ടൈപ്പ് ചെയ്യുക, അതിനുശേഷം ആവശ്യമായ രേഖകളും ഫോട്ടോയും അപ്‌ലോഡു ചെയ്തതിനു ശേഷം കെ-നെറ്റ് ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കുക. അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ, അവന്യൂസ് മാൾ, അൽ കൂത്ത് മാൾ, കാപിറ്റൽ ഗവർണറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ സർവീസ് സെന്‍റര്‍ , ഹവല്ലി ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച സെൽഫ് സർവീസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിംഗ് ലൈസൻസ് പ്രിന്‍റു ചെയ്തു ലഭിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ