കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു
Monday, February 24, 2020 9:16 PM IST
മനാമ: ബഹറിനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും അഡ്വൈസറി ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹറിൻ കാൾട്ടൻ ഹോട്ടലിൽ നടന്നു.

പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവല്‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ബഹറിനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്യൂണിറ്റി എന്നത് കൊല്ലം പ്രവാസി അസോസിയേഷൻ, ബഹറിൻ എന്നു മാറ്റിക്കൊണ്ടുള്ള പ്രമേയം സമ്മേളനത്തിൽ ഐക്യകണ്ഠേ പാസാക്കി. കൺവീനർ നിസാർ കൊല്ലം അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു . ലോക കേരളാ സഭ അംഗം ബിജു മലയിൽ, സാമൂഹ്യ പ്രവർത്തകരായ സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോയിന്‍റ് കൺവീനർ വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.

സംഘടന സമ്മേളനം കൺവീനർ നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ട്രഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനയുടെ ഭരണഘടനാ അവതരണവും ജോ‍യിന്‍റ് കൺവീനർ വിനു ക്രിസ്റ്റി സംഘടനാ വിഷയാവതരണവും നടത്തി .

ജോയിന്‍റ് സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ഓരോ ഏരിയ കമ്മിറ്റികൾക്കുമുള്ള ചുമതല ഏരിയ കോ-ഓർഡിനേറ്റർമാർ അതാതു ഏരിയ ഭാരവാഹികൾക്ക് കൈമാറുന്ന ചടങ്ങും നടന്നു.

വനിതാ വിഭാഗം പ്രസിഡന്‍റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച മൂന്നാമത്തെ ഭാഗമായ ക്ഷേമ, ചാരിറ്റി ബോധവല്‍കരണ സമ്മേളനം ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഐസിആർഎഫ് ചെയർമാൻ അരുൾ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്നു നോർക്ക സെൽ കൺവീനറും സാമൂഹ്യ പ്രവർത്തകനുമായ കെ.ടി. സലിം പ്രതിനിധികൾക്കായി ഇന്ത്യൻ എംബസി, ലേബർ ലോ, ഐസിആർഎഫ് , നോർക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തുകയും പ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി നല്കുമായും ചെയ്തു. നവാസ് കുണ്ടറ സ്വാഗതവും ബിനു കുണ്ടറ നന്ദിയും പറഞ്ഞു.