മസ്കറ്റ്: അൽകൂദിൽ ഒറ്റപെട്ടു പോയ തലശേരി നിവാസികളായ ഏഴുമാസം ഗർഭിണിയായ യുവതിയും നാലു മക്കളും അടങ്ങുന്ന കുടുംബം മസ്കറ്റ് കെഎംസിസി അൽകൂദ് ഏരിയ കമ്മിറ്റിയുടെ കാരുണ്യത്താൽ നാടണയുന്നു.
കച്ചവടം പരാജയപ്പെട്ടപ്പോൾ ജോലിക്കിറങ്ങി കുടുംബത്തെ നാട്ടിലെത്തിക്കാനിരുന്ന തലശേരി സ്വദേശിക്ക് കോവിഡ് കാലത്ത് സർവ പ്രതീക്ഷയും അസ്തമിച്ചപ്പോഴാണ് പ്രതീക്ഷയുടെ കിരണങ്ങളായി അൽകൂദ് കെഎംസിസി എത്തിയത്. അഞ്ച് പേർക്കുള്ള ടിക്കറ്റ്, ഒപ്പം ഒരു വർഷവും ഏഴു മാസവും പ്രായമായ കുഞ്ഞിന് ഇതുവരെ വിസ അടിക്കാത്തതിനാൽ അത്രയും കാലത്തെ ഭീമമായ പിഴ എന്നീ വലിയ കടന്പകൾ കടക്കാൻ പലരെയും സമീപിച്ചെങ്കിലും കോവിഡ് കാലത്ത് ആരും ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഈ ദൗത്യത്തിൽ കരുണ വറ്റാത്ത ഹൃദയങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൂടെ ആയപ്പോൾ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഈ കുടുംബത്തിനുള്ള ടിക്കറ്റുകളും പിഴ അടക്കാനുള്ള തുകയും ശേഖരിച്ചു.
ഈ ദൗത്യത്തിൽ സഹകരിച്ച മസ്കറ്റ് കഐംസിസിയുടെ അധ്യക്ഷൻ റയീസ് അഹ്മദ് സാഹിബ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, സീബ് കെ.എംസിസി പ്രസിഡന്റ് അബൂബക്കർ സാഹിബ്, കൈരളിയുടെ പിഎം. ജാബിർ, റുസൈൽ കെ.എംസിസി ഭാരവാഹി ഷംസീർ കീച്ചേരി തന്റെ വിവാഹ വാർഷിക ആഘോഷം വകയിൽ ഒരു ടിക്കറ്റിന്റെ പകുതി നിൽകി കെ.എംസിസിയുടെ എല്ലാ പ്രവർത്തനത്തിനും കൂടെ പ്രവർത്തിക്കാൻ താൽപര്യം ഉണ്ടെന്നറിയിക്കുകയും, തന്റെ റൂമിൽ കൂടെയുള്ളവരിൽ നിന്നും ധനസമാഹരണം നടത്തിയ ദിലിൻ ദാസ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, അവിചാരിതമായി എത്തി ഈ ദൗത്യത്തിന്റെ ഭാഗമായ പി.വി. അബ്ദുൾ വഹാബ് സാഹിബിന്റെ ബന്ധുവായ ജസീർ പുതിയറക്കൽ, റൂവി കെ.എംസിസി സാരഥികൾ എന്നിവർക്കും അൽകൂദ്. കെ.എം സിസി ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിച്ചു.
ഏതാണ്ട് ഒന്നര ലക്ഷം രൂപ ചിലവ് വന്ന ഈ ദൗത്യം ഒരാഴ്ച കൊണ്ട് പൂർത്തിയാവുന്പോൾ വെറും ഒരാഴ്ച മുൻപ് രൂപീകരിച്ച മസ്കറ്റ് കെ.എം. സി. സി അൽകൂദ് ഏരിയ കമ്മിറ്റിക്ക് ആദ്യ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിൽ അഭിമാനം.
ജൂലൈ 14 ന് കണ്ണൂരിലേക്ക് പോവുന്ന റൂവി കെ.എംസിസി വിമാനത്തിൽ കുടുംബം യാത്ര തിരിക്കും. അൽകൂദ് ഏരിയ കെ.എംസിസി റിലീഫ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് സാഹിബ് അഞ്ചംഗ കുടുംബത്തിനുള്ള ടിക്കറ്റിന്റെ തുകയും, ഫൈൻ അടക്കാനുള്ള തുകയും ട്രഷറർ ഷാജഹാൻ മേപ്പയൂരിന് കൈമാറി. അൽകൂദ് കെ.എംസിസി പ്രസിഡന്റ് ഹമീദ് പേരാംബ്ര, ജനറൽ സെക്രട്ടറി റ്റി.പി. മുനീർ, വൈസ് പ്രസിഡന്റ് ഫൈസൽ മുണ്ടൂർ, ജോയിന്റ് സെക്രട്ടറി പട്ടാന്പി ആഷിക്, പ്രവർത്തക സമിതി അംഗം അഹമ്മദ് ചാത്തോത്ത് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സേവ്യർ കാവാലം