ഇന്ത്യൻ അംബാസഡറുമായി "കുട' പ്രതിനിധികൾ ചർച്ച നടത്തി
Saturday, September 26, 2020 8:03 AM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കുവൈറ്റിലെ പ്രവാസി മലയാളി സംഘടനയായ "കുട' പ്രതിനിധികള്‍ ചർച്ച നടത്തി. ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

സംഘടന നിലവിൽ വന്ന സാഹചര്യങ്ങളെക്കുറിച്ചും കോവിഡു കാലഘട്ടത്തിൽ നടത്തിയ വിവിധ ഇടപെടലുകൾ, പൊതുമാപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ സഹായങ്ങൾ എന്നിവയെക്കുറിച്ച് ജനറൽ കൺവീനർ സത്താർ കുന്നിൽ, കൺവീനർമാരായ . ഷൈജിത്, ഓമനക്കുട്ടൻ, രാജീവ് നടുവിലെമുറി, ബിജു കടവി എന്നിവര്‍ വിശദീകരിച്ചു. ഇന്ത്യൻ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും കുവൈറ്റിലെ എൻജനിയേഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.

"കുട' പ്രവാസി സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അംബാസഡർ സിബർ ജോർജ് അഭിനന്ദിച്ചു. തുടർന്ന് അദ്ദേഹത്തിന്‍റെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രവാസി വിഷയങ്ങളിൽ ഇടപെടേണ്ട ആവശ്യകത നിലനിർത്തിക്കൊണ്ട് തന്നെ ഇത്തരം കൂട്ടായ്മകളുടെ ചില മാതൃകകൾ അദ്ദേഹം അവതരിപ്പിക്കുകയും അതുകൂടെ പിന്തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

ഇന്ത്യൻ അംബാസഡറുടെ നിർദ്ദേശമനുസരിച്ച് കുടയില്‍ അംഗങ്ങളായ എല്ലാ ജില്ലാ സംഘടനകളും തങ്ങളുടെ സംഘടനാ ഭരണസമിതിയുടെ വിവരങ്ങൾ എംബസിയിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ