സുസ്ഥിര വികസനത്തിന് ഇടതുപക്ഷത്തിന്‍റെ വിജയം അനിവാര്യം: കോടിയേരി ബാലകൃഷ്‌ണൻ
Sunday, March 7, 2021 2:08 PM IST
കുവൈറ്റ് സിറ്റി: കേരളത്തിന്‍റെ സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജാധിപത്യ മുന്നണിയുടെ വിജയത്തിനുവേണ്ടി കുവൈറ്റിലെ ഇടത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍‌ലൈന്‍നായാണ് ‌ പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ നാലര വർഷകാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദികരിച്ചു. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും നടത്താത്ത പ്രവർത്തനങ്ങളാണ് സമസ്ത മേഖലയിലും സംസ്ഥാനത്ത് നടപ്പിലാക്കിയത്, തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ (സിപിഐ നാഷണൽ കൗൺസിൽ അംഗം),റോഷി അഗസ്റ്റിൻ എം.എൽ.എ (കേരള കോൺഗ്രസ് എം), എൻ. കെ. അബ്ദുൾ അസീസ് (ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം) ഷേയ്ക്. പി. ഹാരിസ് (എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ അഭിസംബോധന ചെയ്‌തു സംസാരിച്ചു.

കേരളത്തിന്‍റെ വികസനത്തിന്‌ ഈ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച അത്യാവശ്യമാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി മുന്നിട്ട് ഇറങ്ങണമെന്നും നേതാക്കൾ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള അസോസിയേഷൻ പ്രതിനിധി ശ്രീംലാൽ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, ഐഎംസിസി പ്രതിനിധി സത്താർ കുന്നിൽ, കേരള കോൺഗ്രസ്സ് (എം) പ്രതിനിധി ‌സുബിൻ അറക്കൽ, ജനതാ കൾച്ചറൽ സെന്‍റർ പ്രതിനിധി അനിൽകുമാർ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു. ചടങ്ങിൽ സി. കെ നൗഷാദ് കൺവീനറും, ശ്രീംലാൽ ചെയർമാനുമായുള്ള 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും 14 ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ