അബുദാബി: ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ് സി) ഒരുക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസണ് 11 ഡിസംബർ 2, 3, 4 തീയതികളിലായി നടക്കും. യുഎഇയുടെ 51ാം ദേശീയദിനാഘോഷം പ്രമാണിച്ച് ആദ്യ ദിവസം പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 3ന് രാത്രി 8ന് ഗായകരായ ശ്രീനിവാസിന്റെയും ശരണ്യയുടെയും നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറും. ചെണ്ടമേളം, നൃത്തം, സംഗീതം തുടങ്ങി മൂന്നു ദിവസങ്ങളിലും വ്യത്യസ്ത കലാപരിപാടികൾ. ഭക്ഷ്യമേള, പുസ്തകമേള, വസ്ത്രആഭരണ വിപണി, ട്രാവൽ ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ സ്റ്റാളുകൾ ഉണ്ടാകും. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളുമുണ്ട്.
10 ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് നറുക്കെടുത്ത് മെഗാ വിജയിക്ക് റിനോൾട്ട് കാർ സമ്മാനിക്കും. കൂടാതെ 20 പേർക്ക് ആകർഷക സമ്മാനങ്ങളുമുണ്ട്. വൈകിട്ട് 5 മുതൽ അർധ രാത്രി 12 വരെയുള്ള ഉത്സവത്തിലേക്ക് 25,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഐ.എസ്സി പ്രസിഡൻറ് ഡി.നടരാജൻ, വൈസ് പ്രസിഡന്റ് സന്തോഷ് മൂർക്കോത്ത്, ജനറൽ സെക്രട്ടറി പി.സത്യബാബു, ട്രഷറർ ലിംസൻ കെ ജേക്കബ്, ജെമിനി ഗ്രൂപ്പ് ഡയറക്ടർ വിനീഷ് ബാബു, അൽമസൂദ് ഓട്ടോമൊബൈൽസ് ജനറൽ മാനേജർ ജീൻ പിയറേ ഹോംസി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് ദിക്ഷ ജെറെല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ മീഡിയാ അബുദാബി പ്രസിഡന്റായി തിരഞ്ഞെടുത്ത എൻ.എം അബൂബക്കറിനെ ചടങ്ങിൽ ഐഎസ്.സി പ്രസിഡന്റ് ഡി.നടരാജൻ പൊന്നാട അണിയിച്ചു.