പ്രവാസി മലയാളി ഫെഡറേഷൻ ഖത്തർ യൂണിറ്റ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു
Friday, March 31, 2023 2:26 AM IST
പി.പി. ചെറിയാൻ
ഖത്തർ: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ് ) എന്ന ആഗോള മലയാളി സംഘടന ഖത്തറിൽ പുനഃ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദോഹയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് ഖത്തർ യൂണിറ്റിന്‍റെ ഔപചാരിക ഉദ്ഘാടനം ദോഹയിലെ അൽ ഓസ്‌റ ഓഡിറ്റോറിയത്തിൽ നടത്തി. ഗ്ലോബൽ പ്രസിഡന്‍റ് എം.പി. സലീമിന്‍റെ അധ്യക്ഷതയിൽ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ ലോക കേരള സഭ അംഗം ം അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

2017 മാർച്ച് മാസത്തിൽ എം.പി. സലീമിന്‍റെ നേതൃത്വത്തിലായിരുന്നു ഖത്തറിൽ യൂണിറ്റ് ആരംഭിച്ചത്. കോവിഡുമായി ബന്ധപ്പെട്ടു ഇന്ത്യൻ എംബസിയുമായി സഹകരിച്ചും, ഖത്തറിൽ നിന്നും വിമാനം ചാർട് ചെയ്തതടക്കം ഒട്ടനവധി പ്രവർത്തനങ്ങൾ ഖത്തറിൽ നടത്തുകയുണ്ടായി. യുദ്ധ മുഖത്തും, വിദേശ രാജ്യങ്ങളിലെ പ്രവാസി വിഷയങ്ങളിൽ ഇടപെടുവാനും പി എം എഫിന്‍റെ നെറ്റ്വർക്കിംഗ് ഉപകാര പ്രദമായെന്ന് യുക്രൈയ്ൻ വിദ്യാർഥി ഒഴിപ്പിക്കൽ ഹെൽപ് ഡെസ്‌കിനെ മുൻ നിർത്തികൊണ്ട് ഗ്ലോബൽ ചെയർമാനും, ഗ്ലോബൽ പ്രസിഡന്റും മുഖ്യ പ്രഭാഷകനും മറ്റു പ്രസംഗികരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു

2023 ജൂൺ മാസത്തിൽ സൗദി അറേബ്യ, ബഹ്റിൻ, ‌യുഎഇ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂണിറ്റുകൾ പുനഃ സ്ഥാപിക്കുമെന്നും ഈ വർഷാവാസനത്തോടെ യൂറോപ്, ആഫ്രിക്ക, ഫാർ ഈസ്റ്റ്‌ രാജ്യങ്ങളിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും എല്ലാവർക്കും ഡിജിറ്റൽ ഐഡി നൽകുമെന്നും ഗ്ലോബൽ പ്രസിഡന്‍റ് പ്രസംഗത്തിൽ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും ഐസിബിഎഫ് ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യൻ എംബസി ഐ സി ബി എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ അഭിപ്രായപ്പെട്ടു. രണ്ടു വർഷത്തേക്ക് 125 ഖത്തർ റിയാൽ (2800 രൂപ) അടച്ചു ഇൻഷുറൻസ് എടുത്താൽ ഏതു രാജ്യത്തു വച്ച് മരണപ്പെട്ടാലും മൂന്നു ദിവസത്തിനുള്ളിൽ 1 ലക്ഷം റിയൽ (22 ലക്ഷം രൂപ) നോമിനിക്ക് ലഭിക്കും. ഇന്ത്യൻ എംബസി ഐ സി സി വൈസ് പ്രസിഡന്‍റ് സുബ്രമണ്യ ഹെബ്ബഗുലു, കണ്ണൂർ യുണൈറ്റഡ് ജനറൽ സെക്രട്ടറി വിനോദ്, വോളിഖ് പ്രസിഡന്‍റ് നജീബ്, ഇൻകാസ് സ്ഥാപക അംഗം ജോപ്പച്ചൻ, 98.6 FM മലയാളം റേഡിയോ മാർക്കറ്റിംഗ് മാനേജർ നൗഫൽ, എം ഇ എസ്‌ സ്കൂൾ ഡയറക്ടർ എംസി മുഹമ്മദ്, കെ ബി എഫ് പ്രതിനിധി അജി കുര്യാക്കോസ്, ക്യൂമാസ്സ്‌ മുൻ പ്രസിഡന്‍റ് ഉല്ലാസ് കായക്കണ്ടി ഇൻകാസ് കോഴിക്കോട് പ്രതിനിധി വിപിൻ മെപയൂർ എന്നിവർ സംസാരിച്ചു, ക്യൂ മാസ്സ് പ്രസിഡന്‍റ് അബ്ദുൽ അഹദ് നന്ദി രേഖപ്പെടുത്തി. ദോഹയിൽ ബിൽഡിംഗ് തകർന്നു മരണപെട്ടവർക്കും, പി എം എഫ് മുൻ കോഓർഡിനേറ്റർ പരേതനായ ജോസ് മാത്യു പനച്ചിക്കലിനും അനുശോചനം
രേഖപ്പെടുത്തി. തുടർന്ന് 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു കൊണ്ട് ഇഫ്താർ വിരുന്നോടെ പരിപാടി അവസാനിച്ചു.