മെൽബൺ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇനി സ്വതന്ത്ര ഇടവക
Friday, July 5, 2019 9:11 PM IST
മെൽബൺ: സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചാപ്പൽ ഇടവക സ്വതന്ത്ര ഇടവകയായി. ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.

മെൽബണിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണിത്. പുതിയ ഇടവകയിൽ ആദ്യമായി നടന്ന വിശുദ്ധ കുർബാനയിലും സ്തോത്ര പ്രാർഥനയിലും വികാരി ഫാ. സിഎ ഐസക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ ഫാ. സാം ബേബിയെ പുതിയ ഇടവകയുടെ വികാരിയായും 2019-20 വർഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പനയും വായിച്ചു.

ഇടവക കൈക്കാരനായി ലജി ജോർജ്, സെക്രട്ടറി സഖറിയ ചെറിയാൻ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്.

സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ആവിര്‍ഭാഗവും നിർമാണഘട്ടത്തിലെ വിവിധ ചിത്രങ്ങളും മെത്രാപ്പോലീത്തായുടെയും മുൻ വികാരിമാരുടെയും ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോ പ്രദർശനം ചടങ്ങിൽ നടന്നു. മുൻ വികാരി ഫാ. കെ.വൈ. ചാക്കോ ആശംസകൾ നേർന്നു.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ