ഡൽഹി മലയാളം കോൺഗ്രിഗേഷൻ സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു
Wednesday, November 20, 2019 7:42 PM IST
ന്യൂഡൽഹി : ഡൽഹി മലയാളം കോൺഗ്രിഗേഷൻ (സി എൻ ഐ) സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബർ 17 നു നടന്നു. രാവിലെ ലേഡി ഹാർഡിംഗ് ചാപ്പലിൽ നടന്ന സ്തോത്രാരാധനയിൽ സിഎൻഐ ഡൽഹി ഡയോസിസ് ബിഷപ് റവ. ഡോ. വാരിസ് കെ. മസി , മുൻ ഈസ്റ്റ് കേരള മഹായിടവക ബിഷപ് റവ. ഡോ. കെ.ജി. ഡാനിയേൽ, ബിഷപ് യൂനിസ് മസി (അമൃത്സർ), തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു.

ഡിഎംസി സഭയിലെ മുൻകാല പട്ടക്കാരും അൽമായരും സഹോദരി സഭകളിലെ പട്ടക്കാരും ജനങ്ങളും സംബന്ധിച്ച മലയാളം ഇടവകളുടെ ഐക്യആരാധന ഏറെ അനുഗ്രഹപ്രദമായിരുന്നു. തുടർന്നു നടന്ന സ്നേഹവിരുന്നിനു ശേഷം ലേഡി ഹാർഡിംഗ് ആശുപത്രിയുടെ സമീപത്തു നിന്നും സമ്മേളന നഗരിയിലേക്ക് നടന്ന ഘോഷയാത്രയിൽ കേരളത്തിലെ തനതു വാദ്യ കലയായ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടുകൂടി മുഖ്യാഥിതികളെ തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

സമാപന സമ്മേളനത്തിൽ ബിഷപ് വാരിസ് കെ. മസി അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി വി. റ്റി. പോൾ സ്വാഗതം അറിയിച്ചു. മുഖ്യാഥിതിയായിരുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ് വി മുഖ്യ പ്രഭാഷണം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ് കെ. ജി. ഡാനിയേൽ, ബിഷപ് യൂനിസ് മസി, കേന്ദ്ര മൈനോരിറ്റി കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ, ഡോ. എ. സമ്പത്ത്(കേരള ഗവൺമെന്‍റ് പ്രത്യേക പ്രതിനിധി),റവ. ഡെന്നിസ് ലാൽ(ഡൽഹി ഡയോസിസ്) റവ. പ്രവീൺ ചാക്കോ (വികാരി, IMC), മുൻ വികാരിമാരായ റവ. റ്റി. ജെ. ജോൺ, റവ. രാജു ജേക്കബ്, റവ. എം എ ജേക്കബ്, റവ. അജി സമുവേൽ, റവ. സന്ദീപ് ഉമ്മൻ തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ഗവൺമെന്‍റിന്‍റേയും പ്രത്യേക ആശംസ ഡോ. എ. സമ്പത്ത് വായിച്ചു.
സഭയിലെ ആദ്യകാല നേതാക്കൻമാരെ ആദരിച്ചു. സുവർണജൂബിലി സ്മരണിക പ്രകാശനം ചെയ്തു. സുവർണജൂബിലി ചാരിറ്റി പ്രവർത്തനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സഹായം, ഒരുലക്ഷം രൂപയുടെ ചെക്ക് ട്രഷറർ മറിയാമ്മ മാമൻ ഡൽഹി ഡയോസിസിനു കൈമാറി. ഗോൾഡൻ ജൂബിലി പ്രവർത്തന റിപ്പോർട്ട് ഇടവക വികാരി റവ. മാത്യു മാത്യുവും സുവനീർ പ്രവർത്തന റിപ്പോർട്ട് കൺവീനേഴ്‌സ് ബോബിൻ സി. മാമ്മനും മാത്യു ജോയിയും ചേർന്ന് അവതരിപ്പിച്ചു. സുവർണജൂബിലി പ്രത്യേക ഗാനം ഡിഎംസി ക്വയർ ആലപിച്ചു. സഭാ ജോയിന്‍റ് സെക്രട്ടറി ഷിബു ജോർജ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്