ടിക് ടോക് മൽസരത്തിൽ മാത്യു ജോസ് കാന്‍റൻബെറിക്ക് ഒന്നാം സമ്മാനം
Friday, July 10, 2020 5:17 PM IST
മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ "ഇംഗ്ലണ്ടിലെ അച്ചായന്മാർ' നടത്തിയ ടിക് ടോക് മൽസരത്തിൽ മാത്യു ജോസ് കാന്റെബെറി ഒന്നാം സമ്മാനമായ 150 പൗണ്ട് സ്വന്തമാക്കി.

മലയാള സിനിമയിലെ നടീനടന്മാർ അന്വശരമാക്കിയ പല പല വേഷങ്ങളിൽ പാടിയും അഭിനയിച്ചും മൽസരാർഥികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ച മത്സരത്തിൽ ആറാം തമ്പുരാൻ എന്ന സിനിമയിലെ ജഗന്നാഥനെയും കൊളപ്പുള്ളി അപ്പനെയും ഒരുമിച്ച് അവതരിപ്പിച്ചാണ് മാത്യു ജോസ് കാന്റെബെറി ഒന്നാം സമ്മാനം കൈപ്പിടിയിലൊതുക്കിയത്.

രണ്ടാം സമ്മാനമായ 75 പൗണ്ട് അനന്തഭദ്രത്തിലെ ദിഗംബരനെ അവതരിപ്പിച്ച തോമസ് മാത്യൂ ഗ്രേറ്റ് യാർമൌത്തും ഗാർഗീഹപീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് സന്ദേശം നൽകിയ കോട്ടയം കാക്കത്തുമലയിലെ ആനി വാവച്ചി ചിന്നൂസും പങ്കിട്ടു.

തേൻമാവിൻ കൊമ്പത്തെ കാർത്തുമ്പിയെ അവതരിപ്പിച്ച ബെൽഫാസ്റ്റിലെ കിങ്ങണി റെയ്നോ എന്ന കൊച്ചുമിടുക്കി സ്പെഷൽ ജൂറി അവാർഡിന് അർഹയായി.


111 എൻട്രികളിൽ നിന്നും ഫൈനൽ റൗണ്ടിലെത്തിയ 15 പേരിൽനിന്നാണ് സമ്മാനാർഹരെ കണ്ടെത്തിയത്. ഒന്നിനൊന്ന് മികച്ച എൻട്രികളായിരുന്നതിനാൽ സമ്മാനാർഹരെ കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടിയെന്ന് വിധികർത്താക്കൾ പറഞ്ഞു. സാബുഘോഷ് മാത്യു, ബിജു സെബാസ്റ്റ്യൻ ചെമ്പോട്ടി എന്നിവരായിരുന്നു വിധികർത്താക്കൾ. ഇംഗ്ലണ്ടിലെ അച്ചായൻമാർ മുൻപ് ഫോട്ടോ കോൺടെസ്റ്റ്, റൊമാന്‍റിക് കപ്പിൾസ് മത്സരം, മീശ മത്സരം, ഉദ്യാനപാലകൻ എന്നിങ്ങനെ വിത്യസ്തങ്ങളായ മത്സരങ്ങൾ നടത്തി ശ്രദ്ധ നേടിയിരുന്നു.

അച്ചായൻ ഗ്രൂപ്പിലുള്ള കലാകാരമാരെ വളർത്താൻ ഇത്തരത്തിലുള്ള മൽസരങ്ങൾ ഇനിയും സംഘടിപ്പിക്കുമെന്ന് അഡ്മിൻ റോയി ജോസഫ് അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്