ന്യൂഡൽഹി: ഓണക്കാലത്തെ വരവേറ്റുകൊണ്ട് ഒരിടവേളയ്ക്കുശേഷം ഡിഎംഎ - അനുകൂൽ മേനോൻ മെമ്മോറിയൽ പൂക്കള മത്സരം നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് മത്സരം അരങ്ങേറിയത്. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി, കെ.ജി. രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി, ട്രെഷറർ മാത്യു ജോസ്, പൂക്കളം കണ്‍വീനറും ജോയിന്റ് ട്രെഷറാറുമായ പി എൻ ഷാജി, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ്, എൻ സി ഷാജി, ബിജു ജോസഫ്, പ്രദീപ് ദാമോദരൻ, സുജാ രാജേന്ദ്രൻ, അനില ഷാജി, മുൻ ട്രെഷറർ രവീന്ദ്രൻ പിരിയാട്ട് തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം പേര് രജിസ്റ്റർ ചെയ്ത മഹിപാൽപൂർ - കാപ്പസ് ഹേഡാ, ദിൽഷാദ് കോളനി, ജനക് പുരി, ആർ കെ പുരം, കരോൾ ബാഗ് - കണാട്ട് പ്ലേസ്, അംബേദ്കർ നഗർ - പുഷ്പ വിഹാർ, വികാസ്പുരി - ഹസ്തസാൽ, മയൂർ വിഹാർ ഫേസ്-3, ദ്വാരക എന്നീ ഒൻപത് ടീമുകൾക്കു മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.
മാനുവൽ മലബാർ ജൂവല്ലേഴ്സ് സ്പോണ്സർ ചെയ്ത 15,000 രൂപയുടെ ഒന്നാം സ്ഥാനത്തിന് ദിൽഷാദ് കോളനി ഏരിയ അർഹരായി. 10,000/, 7,500/ എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം മയൂർ വിഹാർ ഫേസ്-3, ജനക് പുരി എന്നിവർ അർഹരായി.
റിപ്പോർട്ട്: പി.എൻ. ഷാജി