റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയയപ്പു നല്‍കി
Tuesday, April 23, 2019 2:38 PM IST
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ അസി. വികാരിയായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചു ഗുജറാത്തിലെ വാപിയിലേക്കു സ്ഥലം മാറി പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും ഇടവക യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 14 നു ഞായറാഴ്ച ശുശ്രൂഷാനന്തരം കൂടിയ യാത്രയയപ്പു സമ്മേളനത്തില്‍ വികാരി റവ. ജേക്കബ് പി. തോമസ് അധ്യഷത വഹിച്ചു. ഫിലിപ്പ് അച്ചന്‍റെയും കുടുംബത്തിന്‍റേയും സേവനങ്ങള്‍ മഹത്തരമായിരുന്നെന്നും പ്രത്യേകിച്ചു യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ ജേക്കബ് അച്ചന്‍ സൂചിപ്പിച്ചു. വൈസ് പ്രസിഡന്‍റ് എം. ജോര്‍ജ്കുട്ടി പ്രാരംഭ പ്രാര്‍ഥന നടത്തി. സഭാ പ്രതിനിധി മണ്ഡലാംഗം ഷാജന്‍ ജോര്‍ജ് സ്വാഗതമാശംസിച്ചു.

ഇടവക സെക്രട്ടറി ജോജി ജേക്കബ് ഇടവകയുടെ യാത്രാമംഗളങ്ങള്‍ നേര്‍ന്നു ആശംസകള്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട നോര്‍ത്ത് ഹൂസ്റ്റണ്‍ സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്‍ വികാരിയായും ഫിലിപ്പ് അച്ചന്‍ സേവനം അനുഷ്ഠിച്ചു.

മലയാളം ഇംഗ്ലീഷ് ഗായകസംഘങ്ങളുടെയും, യൂത്ത് ഫെല്ലോഷിപ്പ്, സണ്‍ഡേ സ്‌കൂള്‍ എന്നീ സംഘടനകള്‍ ആലപിച്ച പ്രത്യേക യാത്രാ മംഗള ഗാനങ്ങള്‍ സമ്മേളനത്തിനു മാറ്റു കൂട്ടി. ഇടവക ട്രസ്റ്റിമാരായ ഏ ബ്രഹാം ജോസഫ് ( ജോസ്), പുളിന്തിട്ട സി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഇടവകയുടെ ഉപഹാരങ്ങള്‍ നല്‍കി.

റവ. ഫിലിപ്പ് ഫിലിപ്പും ജിന്‍സിയും ഇടവക നല്‍കിയ ഹൃദ്യമായ യാത്രയപ്പിനു മറുപടി നല്‍കി സംസാരിച്ചു. നാളിതു വരെ കരുതിയ ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥന ഇനിയും ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു. ഗായിക കൂടിയായ ജിന്‍സി മനോഹരമായ ഒരു ഗാനമാലപിച്ചപ്പോള്‍ പങ്കെടുത്തവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഭദ്രാസന അസംബ്ലി അംഗം തോമസ് മാത്യു (ജീമോന്‍) നന്ദി പ്രകാശിപ്പിച്ചു. ജോണ്‍ ഫിലിപ്പിന്‍റെ പ്രാര്‍ഥനയോടെ സമ്മേളനം അവസാനിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി