ഡാളസിൽ ഫോമാ പൊതുയോഗം ഒക്ടോബർ 26 ന്
Saturday, August 24, 2019 4:29 PM IST
ഡാളസ്: ഫോമായുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം ഒക്ടോബർ 26 ന് (ശനി) ഡാളസിലെ ഇർവിംഗ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന പൊതുയോഗത്തിൽ പത്തിന അജണ്ടകളാണ് അവതരിപ്പിക്കുന്നത്. ഫോമായുടെ മുഖ്യധാരാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവികാര്യങ്ങളും പ്രധാന ചർച്ചാവിഷയങ്ങളാകും.

ഒരു അംഗസംഘടനയിൽ നിന്നും ഏഴു പ്രതിനിധികൾക്ക് പൊതുയോഗത്തിൽ പങ്കെടുക്കാനാകും. പങ്കെടുക്കുന്ന പ്രതിനിധികളുടെ വ്യക്തിഗതവിവരങ്ങളടങ്ങിയ പട്ടിക സെപ്റ്റംബർ 30 നകം ജനറൽ സെക്രട്ടറിക്ക് ലഭിച്ചിരിക്കണം. പങ്കെടുക്കുന്ന പ്രതിനിധികൾ, സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് പ്രവേശനസമയത്ത് ഹാജരാക്കേണ്ടതാണ്. കാലഹരണപ്പെട്ട തിരിച്ചറിയൽ രേഖകൾ പരിഗണിക്കുന്നതല്ല.

ഫോമായുടെ ഒഴിവു വരുന്ന തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രീയകളും അതിനുള്ള നടപടിക്രമങ്ങളും യഥാക്രമം പൊതുയോഗത്തിൽ അനുവർത്തിക്കുന്നതായിരിക്കും. പൊതുയോഗത്തിന്റെ വിശദമായ വിവരങ്ങളും രേഖകളും, ഫോറങ്ങളും എല്ലാ അംഗസംഘടനകൾക്കും ഇതിനോടകം നേരിട്ട് അയച്ചുകൊടുത്തിട്ടുണ്ട്. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രസ്തുത അറിയിപ്പുകൾ ലഭിച്ചിട്ടില്ലാത്തവർ നേരിട്ട് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാമും പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലും അറിയിച്ചു.

ടെക്സസിലെ ഡാളസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ നിന്നും ആറ് മൈലും ലവ് ഫീൽഡ് വിമാനത്താവളത്തിൽ നിന്നും പന്ത്രണ്ടര മൈലുകളും മാത്രമേ ഇർവിംഗ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിലേക്ക് ദൂരമുള്ളു. ഫോമായുടെ ഈ പൊതുയോഗത്തിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി, ഫോമാ ദക്ഷിണ റീജിയൻ വൈസ് പ്രസിഡന്‍റ് ഓലിയാംകുന്നേൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ രാജൻ യോഹന്നാൻ, പ്രേംദാസ് മമ്മഴിയിൽ, അന്തർദേശീയ കൺവൻഷൻ ചെയർമാൻ ബിജു തോമസ് ലോസൺ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ, കൺവൻഷൻ ജനറൽ കൺവീനർ സുനിൽ തലവടി, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സാം മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

വിവരങ്ങൾക്ക് : ഫിലിപ്പ് ചാമത്തിൽ ( പ്രസിഡന്‍റ്) 469 877 7266, ജോസ് ഏബ്രഹാം (ജനറൽ സെക്രട്ടറി ) 718 619 7759, ബിജു തോമസ് ലോസൻ 972 342 0568, സുനിൽ തലവടി 214 543 7576,
സാം മത്തായി 469 450 0718.

റിപ്പോർട്ട്: ബിജു പന്തളം