റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ചില്‍ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രം
Saturday, September 14, 2019 12:20 PM IST
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളിഫാമിലി ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാള്‍ സെപ്റ്റംബര്‍ 6 ,7,8 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

സെപ്റ്റംബര്‍ ആറാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവക വികാരി ഫാ.റാഫേല്‍ അമ്പാടന്‍ കൊടിയേറ്റി തിരുനാളിനുതുടക്കം കുറിച്ചു. അന്നത്തെ തിരുക്കര്‍മങ്ങള്‍ തിരുനാള്‍ കുര്‍ബാനയോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ശനിയാഴ്ച്ച വൈകുന്നേരം ഏഴിനു ഫാ. ടോം കുന്നേല്‍ തിരുനാള്‍ പ്രാര്‍ത്ഥനയും ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാനയുമര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കി. അതിനുശേഷം നടന്ന സ്‌നേഹവിരുന്നിലും എല്ലാവരും സംബന്ധിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം നാലിനുള്ള ആഘോഷപൂര്‍വ്വമായ ദിവ്യബലി അര്‍പ്പിച്ചത് ഫാ. പിന്റോ പോളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഫാദര്‍ എബ്രഹാം വല്ലയിലും ഫാ. റാഫേല്‍ അമ്പാടനും ആയിരുന്നു.

പരിശുദ്ധ അമ്മയുടെയും മറ്റു പുണ്യവാളന്മാരുടെയും തിരുരൂപങ്ങള്‍ വഹിച്ച്, മുത്തുക്കുടയേന്തി ചെണ്ടമേളത്തോടെ, ഭക്തജനങ്ങള്‍ ദേവാലയത്തെ വലം വച്ചുള്ള പ്രദക്ഷിണം ഭക്തിനിര്‍ഭരവും അതീവ മനോഹരവുമായി. ഫാ.റാഫേല്‍ അമ്പാടന്‍ ഭക്ത ജനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കൊടിയിറക്കി തിരുനാള്‍ക്കര്‍മ്മകള്‍ക്ക് സമാപ്തി കുറിച്ചു.