ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഇന്നു തിരി തെളിയും
Friday, October 11, 2019 10:48 PM IST
എഡിസണ്‍, ന്യുജേഴ്‌സി: അമേരിക്കയിലെ മലയാള മാധ്യമ സംസ്‌കാരത്തിന്‍റെ തറവാട് പുരയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം അന്തര്‍ദേശിയ കോണ്‍ഫറന്‍സിനു മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ളാതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന സൗഹൃദ കൂട്ടായ്മയോടെ തുടക്കമായി. ഔപചാരികമായ ഉദ്ഘാടനം 12ന് മന്ത്രി നിര്‍വഹിക്കും.

ഒരു പതിനാറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇന്ത്യാപ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് വടക്കേ അമേരിക്കയിലെപ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ചയാണ്. കേരളത്തില്‍നിന്നുള്ള രാഷ്ട്രീയ മാധ്യമ പ്രമുഖരും അമേരിക്കയിലെ മലയാളി സംഘടനകളും ഇന്ത്യാ പ്രസ് ക്ലബിന്‍റെ എട്ടു ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.

സെമിനാറുകളും ഈടുറ്റ ചര്‍ച്ചകളുമാണ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. വെള്ളി രാവിലെ 10 മുതല്‍ സെമിനാറുകള്‍ തുടങ്ങും.

10 മുതല്‍ 11:30 വരെനടക്കുന്ന സെമിനാര്‍ഫ്രണ്ട് ലൈന്‍ - ഹിന്ദുഅസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ നയിക്കും. വിഷയം: വിധ്വംസക കാലത്തെ വിധേയത്വ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍.ഇന്ത്യാ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്‍റ് ജോര്‍ജ് ജോസഫ് മോഡറേറ്ററായിരിക്കും.

ഉച്ചകഴിഞ്ഞ് 2-നു ഫേസ് ബുക്കിലെ തരംഗമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയന്‍) നയിക്കുന്ന സെമിനാര്‍. വാര്‍ത്തകളുടെഉള്ളടക്കം; സൃഷ്ടിയുംഅവതരണവും എന്നതാണ് വിഷയം.

വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മന്ത്രി കെ.ടി ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്‍റ് മധു കൊട്ടാരക്കര അധ്യക്ഷത വഹിക്കും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഓള്‍ഡ് ഇസ് ഗോള്‍ഡ് ഗാനസന്ധ്യ 'ഹൃദയതാളം'നടക്കും. പത്ത് ഗായകര്‍ പഴയ ഗാനങ്ങള്‍ ആലപിക്കുന്ന പുതുമയാര്‍ന്ന പരിപാടിയാണിത്.

12ന് രാവിലെ 10 മുതല്‍11.30 വരെ വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ വസ്തുതകള്‍' എന്ന വിഷയത്തെപറ്റി മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നയിക്കുന്ന സെമിനാര്‍.പ്രസ് ക്ലബ് മുന്‍ പ്രസിഡന്‍റ് ടാജ് മാത്യു മോഡററേറ്റര്‍ ആയിരിക്കും.

ഉച്ചക്ക് 1.30 മുതല്‍ മൂന്നു വരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ നയിക്കുന്ന സെമിനാര്‍.ഏഷ്യാനെറ്റ് ന്യൂസ് യുഎസ് കറസ്‌പോണ്ടന്‍റ് ഡോ. കൃഷ്ണകിഷോര്‍ മോഡറേറ്റായിരിക്കും.

വൈകിട്ട് 5.30 നു നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യാ പ്രസ് ക്ലബ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍പുരസ്‌കാരങ്ങള്‍ നല്‍കും.കോണ്‍ഫറൻസ് വിജയമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരെയും ആദരിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങിലെത്തും.

കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ പ്രസിഡന്‍റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം , ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്‍റ് ജയിംസ് വര്‍ഗീസ്, ജോയിന്‍റ് സെക്രട്ടറി അനില്‍ ആറന്മുള , ജോയിന്‍റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.