വിദ്യാർഥിനിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ
Wednesday, October 16, 2019 4:25 PM IST
യുക്കോൺ, ഒക്‌ലഹോമ: വിദ്യാർഥിനിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തു. മുൻ ഹൈസ്കൂൾ ചരിത്ര അധ്യാപികയും ബാസ്കറ്റ് ബോൾ കോച്ചുമായ എലിസബത്ത് നിക്കോളിനെ (24) ആണ് പോലീസ് അറസ്റ്റു ചെയ്ത് ഒക്‌ലഹോമ കൗണ്ടി ജയിലിലേക്ക് അയച്ചത്.

ജൂൺ 30 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നു കോടതി രേഖകളിൽ ചൂണ്ടിക്കാണിക്കുന്നു. എക്സ്പ്രസ് വേയിലുള്ള ഹോട്ടലിൽ വച്ചാണ് വാഴ്സിറ്റി പ്ലെയർ കൂടിയായ 15 വയസുകാരി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെ തുടർന്നു യുക്കോൺ പബ്ലിക് സ്കൂൾ അന്വേഷണം നടത്തുകയും അധ്യാപിക സ്വയം രാജിവച്ച് പോകുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ അധ്യാപിക കുറ്റ സമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെട്ട ഗുരുതരമായ ആരോപണമാണ് അധ്യാപികക്കതിരെ ചാർജ് ചെയ്തിരിക്കുന്നത്. 2018 ലാണ് എലിസബത്ത് യുക്കോൺ സ്കൂൾ ഡിസ്ട്രിക്റ്റിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

ഒക്ടോബർ 15ന് അറസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് 250,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ