ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗാന്ധിജയന്തിയും ലാല്‍ബഹദൂര്‍ ശാസ്ത്രി ജയന്തിയും ആഘോഷിച്ചു
Friday, October 18, 2019 12:37 PM IST
ന്യൂജേഴ്‌സി: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനവും, ഇന്ത്യുയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ നൂറ്റിപ്പതിനഞ്ചാം ജന്മദിനവും ഒക്‌ടോബര്‍ ആറാം തീയതി വൈകിട്ട് 6 മണിയോടുകൂടി ആറിനു ന്യൂജേഴ്‌സിയിലെ ഫെയര്‍ ബ്രിഡ്ജ് ഹോട്ടലില്‍ ഭംഗിയായി ആചരിച്ചു.

ദിവംഗതനായ ശാസ്ത്രിയുടെ പുത്രന്‍ അനില്‍ ശാസ്ത്രി, മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവരുടെ വീഡിയോ സന്ദേശങ്ങളും സദസിനെ കാണിക്കുകയുണ്ടായി. പാര്‍സിപ്പനി മേയര്‍ മൈക്കിള്‍ സോറിയാനോ മുഖ്യാതിഥിയായിരുന്നു. മാസ്റ്റര്‍ ആനന്ദ് രോമ്പള്ളിയുടെ ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. അതിനുശേഷം നൃത്തം കാണികളെ ഹഠാദാകര്‍ഷിച്ചു. അതിനുശേഷം മഹാത്മാഗാന്ധിയുടേയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടേയും ജീവചരിത്ര വീഡിയോ പ്രദര്‍ശനവും, ഭജനയും ഉണ്ടായിരുന്നു.

ഐ.ഒ.സി സെക്രട്ടറി രാദേന്ദ്രര്‍ ഡിച്ചിപ്പള്ളി, ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ജയേഷ് പട്ടേല്‍, ചന്ദു പട്ടേല്‍ എന്നിവര്‍ യോഗത്തിനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ബചന്‍ സിംഗ്, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, വൈസ് പ്രസിഡന്റ് മാലിനി ഷാ, വൈസ് പ്രസിഡന്റ് ജോസ് ജോര്‍ജ്, ഫൊക്കാന കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കോണ്‍ഗ്രസ് നേതാവ് ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

മേയര്‍ മൈക്കിള്‍ സോറിയനോ ലാല്‍ബഹദൂര്‍ ശാസ്ത്രി അവാര്‍ഡ് കേണല്‍ വിരാന്ദര്‍ റ്റവാറ്റിയയ്ക്ക് നല്‍കി ആദരിച്ചു. മഹാത്മാഗാന്ധി സാമുഹ്യ സേവന അവാര്‍ഡുകള്‍ മുകേഷ് കാഷിവാല, രവീന്ദര്‍ തോട്ട, ബാന്ദ്ര ബുട്ടാല എന്നിവര്‍ക്ക് സമ്മാനിക്കുകയുണ്ടായി. നൂറ്റമ്പതില്‍പ്പരം ആളുകള്‍ സംബന്ധിച്ച സമ്മേളനം ലാല്‍ബഹദൂര്‍ ശാസ്ത്രി ഫൗണ്ടേഷനും, ഗാന്ധി ആശ്രമം എഡിസണ്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം