കാഞ്ചിനു പുതിയ നേതൃത്വം
Friday, December 13, 2019 5:09 PM IST
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാഞ്ച്) 2020 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ദീപ്തി നായർ (പ്രസിഡന്‍റ്), അലക്‌സ് ജോണ്‍ (വൈസ് പ്രസിഡന്‍റ്), ബൈജു വർഗീസ് (സെക്രട്ടറി), സഞ്ജീവ് കുമാര്‍ (ജോയിന്‍റ് സെക്രട്ടറി), വിജേഷ് കാരാട്ട് (ട്രഷറർ), മനോജ് ഫ്രാന്‍സിസ് (ജോയിന്‍റ് ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പീറ്റർ ജോർജ് (ചാരിറ്റി അഫയേഴ്സ്), നിർമൽ മുകുന്ദൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ശ്രീജിത്ത് അരവിന്ദൻ (യൂത്ത് അഫയേഴ്‌സ്), ജയൻ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി അലക്‌സ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്‍റ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം എന്നിവര്‍ തുടരും.
ജെയിംസ് ജോര്‍ജ് ആണ് പുതിയ ടസ്റ്റി ബോര്‍ഡ് മെമ്പര്‍.

ഡിസംബര്‍ 8ന് എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാങ്വറ്റ് ഹാളില്‍ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്.

പ്രസിഡന്‍റ് ജയന്‍ ജോസഫ് അധ്യക്ഷത വഹിച്ച പൊതു യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടർന്നു "ജിംഗിള്‍ ബെല്‍സ്' എന്ന ക്രിസ്മസ് പുതുവല്‍സരാഘോഷവും ന്യൂ ജേഴ്‌സിയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ ബാന്‍ഡ് എന്‍ആര്‍ഐ അവതരിപ്പിച്ച സംഗീത പരിപാടിയും ജിത്തു കൊട്ടാരക്കരയുടെ ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനിയുടെ ഡാന്‍സ് ഡിജെയും മാലിനി നായരുടെ നേതൃത്വത്തില്‍ നടന്ന ഫാഷന്‍ ഷോയും പ്രവീണ മേനോന്‍റെ ടീം അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും പരിപാടികൾക്കു മാറ്റുകൂട്ടി. പ്രമുഖ ഗായകരായ റോഷന്‍ മാമ്മന്‍, ശ്രീദേവി അജിത്കുമാര്‍, പ്രീത് ബോബി ബാല്‍ എന്നിവര്‍ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു. ട്രഷറര്‍ വിജേഷ് കാരാട്ട് നന്ദി പറഞ്ഞു.