ന്യൂയോര്‍ക്ക് ക്വീന്‍സ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കൊറോണ ബാധിച്ചു മരിച്ചു
Monday, March 30, 2020 6:10 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്വീന്‍സ് കത്തോലിക്കാ ഹൈസ്കൂളിലെ ബാസ്ക്കറ്റ്ബോള്‍ പരിശീലകനും സ്കൂള്‍ അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ലെവിര്‍ കൊറോണ ബാധിച്ചു മരിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

ജമൈക്ക എസ്റ്റേറ്റ്സ് എന്ന പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള സ്വകാര്യ സ്കൂളായ മേരി ലൂയിസ് അക്കാഡമിയില്‍ 20 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന നാൽപ്പത്തിരണ്ടുകാരനായ ജോസഫ് ലെവിര്‍ ശനിയാഴ്ച ആണ് മരിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. അദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

മേരി ലൂയിസ് അക്കാഡമിയില്‍ അധ്യാപകന്‍, പരിശീലകന്‍, അസിസ്റ്റന്‍റ് അത്‌ലറ്റിക് ഡയറക്ടര്‍, അത്‌ലറ്റിക് ഡയറക്ടര്‍, നിലവില്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 20 വര്‍ഷമായി സേവനം ചെയ്തുവരികയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ആന്‍ ഓ ഹഗന്‍കോര്‍ഡെസ് ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.

ജോസഫ് ലെവിര്‍ ഫ്രാങ്ക്ലിന്‍ സ്ക്വയര്‍ യൂണിയന്‍ ഫ്രീ സ്കൂള്‍ ഡിസ്ട്രിക്റ്റിന്‍റെ വിദ്യാഭ്യാസ ബോര്‍ഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം 2015 ല്‍ തെരഞ്ഞെടുക്കപ്പെടുകയും 2016 ല്‍ ബോര്‍ഡിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് സ്കൂള്‍ ജില്ലാ അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ