ഹൂസ്റ്റൺ റെഡ് സോണിൽ ബാറുകൾ വീണ്ടും അടയ്ക്കുന്നു
Saturday, June 27, 2020 8:52 PM IST
ഹൂസ്റ്റൺ: കോവിഡ് ഭീഷണിയെ തുടർന്നു ഹൂസ്റ്റൺ നഗരത്തെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ ചുവപ്പു സോണിലേക്കുയർത്തി. നിലവിൽ ഹൂസ്റ്റൺ സാഹചര്യം വളരെ കഠിനമാണ്, ജനങ്ങൾ വീട്ടിൽ തന്നെ തുടരണം ജഡ്ജി ലിന ഹിഡാൽഗോ അറിയിച്ചു.

കോവിഡ് സാഹചര്യം എങ്ങനെ എന്ന് പൊതുജനങ്ങൾക്ക് സ്വയം മനസിലാക്കാം, എന്ന് സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത നാല് ലെവൽ, കളർ-കോഡെഡ് സംവിധാനം അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഹിഡാൽഗോക്ക് ഈ പ്രഖ്യാപനം നടത്തേണ്ടി വന്നത്.

അതെ സമയം 51 ശതമാനത്തിൽ അധികം വരുമാനം മദ്യ വില്പനയിൽ നിന്നു ലഭിക്കുന്ന എല്ലാ ബാറുകളൂം സമാന ബിസിനസുകളും അടച്ചിടണം എന്ന് ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു. ഡെലിവറിയും ടേക്ക് ഔട്ട് സർവീസും തുടരാം - ഗവർണർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വയറസ് വ്യാപനതോത് വർധിച്ചതിൽ നിന്ന് മനസിലാക്കുന്നത് ആളുകൾ ജാഗ്രത കാണിക്കുന്നില്ല, ബാറുകളിൽ ഒത്തുകൂടുന്നത് ഉൾപ്പെടെയുള്ള ചിലതരം പ്രവർത്തനങ്ങളാണ് കേസുകളുടെ വർധനവിന് കാരണം എന്ന് ഇപ്പോൾ വ്യക്തമാണ്.

ഹൂസ്റ്റണിൽ മാത്രം വ്യാഴാഴ്ച ആയിരത്തോളം പുതിയ കേസുകൾ രേഖപ്പെടുത്തിയതായി മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു. ടെക്സസിൽ വ്യാഴാഴ്ച 5,996 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവർ 4,739 ആണ്. തുടർച്ചയായ പതിനാലാം ദിവസമാണ് ഹോസ്പിറ്റലൈസേഷൻ നമ്പർ റിക്കാർഡ് സൃഷ്ടിച്ചത്.
ഏഴു ദിവസത്തെ ശരാശരി പരിശോധിച്ചാൽ ആളുകൾ പോസിറ്റീവ് ആകുന്ന നിരക്ക് 11.76 ശതമാനമായി ഉയർന്നു.മേയർ സിൽ‌വെസ്റ്റർ ടർണർ അറിയിച്ചു.

ഹൂസ്റ്റൺ പ്രദേശത്ത് മലയാളി സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള മിസോറി സിറ്റിയിൽ ഇന്നു മുതൽ മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവു എന്ന് മേയർ യോലാണ്ട ഫോർഡ് ഉത്തരവിറക്കി.
ഹാരിസ് കൗണ്ടിയിൽ ഇന്നലെ 1238 പുതിയ പോസിറ്റീവ് കേസുകളും 8 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 28255 ഉം മരിച്ചവരുടെ എണ്ണം 361 ഉം ആയി ഉയർന്നു. . ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്നലെ മാത്രം 248 പുതിയ കേസുകളും ബ്രാസോറിയ കൗണ്ടിയിൽ 73 കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ട്: അജു വാരിക്കാട്