ഹൂസ്റ്റണിൽ ബൈബിൾ കൺവൻഷനും ഇടവക പെരുന്നാളും ജൂലൈ എട്ടിന്
Tuesday, July 7, 2020 5:46 PM IST
ഹൂസ്റ്റൺ: സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷനും ഇടവകയുടെ കാവൽ പിതാക്കന്മാരുടെ പെരുന്നാളും ജൂലൈ 8 (ബുധൻ) മുതൽ 12 (ഞായർ) വരെ സംയുക്തമായി ആഘോഷിക്കുന്നു.

എട്ടിനു വൈകുന്നേരം 6.15 നു പെരുന്നാളിനു തുടക്കം കുറിച്ചു പതാക ഉയർത്തും. തുടർന്നു സന്ധ്യ നമസ്കാരത്തിനും ഗാന ശുശ്രൂഷയ്ക്കും ശേഷം ഭദ്രാസന മെത്രാപോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വചന ശുശ്രൂഷ നിർവഹിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയം ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരി അധ്യാപകൻ റവ. ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, സഭയുടെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ ഫാ. പി.എ.ഫിലിപ്പ്, അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ . ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത എന്നിവർ വചന ശുശ്രൂഷ നടത്തും.

12 നു വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. ഗീവര്ഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിക്കും. റവ. ഡോ. വി.സി.വർഗീസ്, ഫാ. ജോൺസൻ പുഞ്ചക്കോണം എന്നിവർ സഹകാർമികരായിരിക്കും.

ഏവർക്കും പെരുന്നാളിൽ സംബന്ധിക്കാനുള്ള ക്രമീകരണം ഇടവകയുടെ ഫേസ്ബുക് പേജിൽ കൂടി ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ഐസക് ബി. പ്രകാശ് (വികാരി) 832 997 9788, രാജു സ്കറിയ (ട്രസ്റ്റി) 832 296 9294, ഷിജിൻ തോമസ് (സെക്രട്ടറി) 409 354 1338.

റിപ്പോർട്ട് : ജീമോൻ റാന്നി