ഡോ. ആഗ്‌നസ് തേരാടി ഫ്രാൻസിസ്കൻ അലയൻസ് ഹെൽത്ത് സിസ്റ്റം സീനിയർ വൈസ് പ്രസിഡന്‍റ്
Saturday, October 24, 2020 8:14 AM IST
ഷിക്കാഗോ: ഇന്ത്യാനയിലെ ഏറ്റവും വലിയ ഹെൽത്ത് സിസ്റ്റത്തിൽ ഒന്നായ ഫ്രാൻസിസ്കൻ അലയൻസ് ഹെൽത്ത് സിസ്റ്റത്തിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് ആയി സിസ്റ്റം ചീഫ് നഴ്സിംഗ് ഓഫീസറും മലയാളിയുമായ ഡോ. ആഗ്‌നസ് തേരാടി നിയമിതയായി.

5000 ഓളം നഴ്സുമാരടക്കം 18,000 ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പുതിയ പദവിയിലേക്ക് എത്തുന്നതോടെ, ഈ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയ കൂടിയാണ് ഡോ. ആഗ്‌നസ്.

ഇന്ത്യാന- ഇല്ലിനോയി സംസ്ഥാനങ്ങളിലായി 12 ആശുപത്രികളും നിരവധി ക്ലിനിക്കുകളും അനുബന്ധ സ്ഥാപനങ്ങളുമായി വ്യാപിച്ചു കിടക്കുന്ന ആരോഗ്യരംഗത്തെ ഈ വൻകിട സ്ഥാപനത്തിൽ 1600 ഓളം നഴ്‌സുമാരുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ടു, ഫ്രാൻസിസ്‌കൻ ഹെൽത്ത് സെൻട്രൽ ഇന്ത്യാനയുടെ ചീഫ് നഴ്സിംഗ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു ഡോ. ആഗ്‌നസ്.

അമേരിക്കയിലെ മൂന്നാമത്തെ വലിയ പബ്ലിക് ഹെൽത്ത് സിസ്റ്റം ആയ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിന്‍റെ ചീഫ് നഴ്സിംഗ് ഓഫിസറായും കെന്‍റുക്കിയിലെ വിഎ മെഡിക്കൽ സെന്‍ററിലും ഷിക്കാഗോ ജെസി ബ്രൗൺ വിഎ ഹോസ്പിറ്റലിലും അസോസിയേറ്റ് ചീഫ് നഴ്സിംഗ് ഓഫിസറായും ഡോ. ആഗ്‌നസ് സേവനം ചെയ്തിട്ടുണ്ട്.


അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (National Association for Indian Nurses in America) യുടെ പ്രസിഡന്‍റ് കൂടിയാണ് ഡോ. ആഗ്‌നസ്.

കൊല്ലം സ്വദേശിയായ ഡോ. ആഗ്‌നസ്, മുംബൈയിലെ SNDT വിമൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നഴ്സിംഗ് ബിരുദം കരസ്ഥമാക്കിയതിനുശേഷം, അമേരിക്കയിലെ നോർത്തേൺ ഇല്ലിനോയി യൂണിവേഴ്‌സിറ്റി, ബെനഡിക്ക്ടൈൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഷിക്കാഗോയിലെയും ന്യൂയോർക്കിലെയും വിവിധ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോ. ആഗ്നസ്, അമേരിക്കൻ കോളജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവ്സിന്‍റെ ബോർഡ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയിട്ടുണ്ട്.

കോട്ടയം മോനിപ്പള്ളി സ്വദേശി മാത്യു തേരാടിയാണ് ഭർത്താവ്. ഏക മകൾ റോമാ തേരാടി സെന്‍റ് ലൂയിസിൽ സ്ഥിരതാമസമാണ്.

റിപ്പോർട്ട് : അനിൽ മറ്റത്തികുന്നേൽ