വിവേക് ലാൽ‍, യുഎസ് ബിസിനസ് കൗൺസിൽസ് ഫോർ ഇന്ത്യ - ജപ്പാൻ ബോർഡിൽ
Friday, December 4, 2020 7:24 PM IST
സാൻഡിയാഗൊ, കലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ ഡിഫൻസ് ആൻഡ് ഏയ്റോ സ്പെയ്സ് ലീഡർ വിവേക് ലാൽ (51) യുഎസ് - ഇന്ത്യ , യുഎസ് - ജപ്പാൻ ബിസിനസ് കൗൺസിൽ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

വാഷിംഗ്ടൺ ഡിസിയിലെ പല പ്രമുഖരേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും യുഎസ് - ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തരം പ്രവർത്തിച്ച ഇൻഡസ്ട്രി ആർക്കിടെക്റ്റ് എന്ന നിലയിൽ വിവേകിനെ ഐക്യ കണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. സമീപ കാലത്ത് യുഎസും ഇന്ത്യ‍യും തമ്മിലുള്ള പ്രതിരോധ ഇടപാട് 20 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.

കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്സ് ഗ്ലോബൽ കോർപറേഷനിൽ സിഇഒ ആയ വിവേകിനെ യുഎസ് കാബിനറ്റ് സെക്രട്ടറിയുടെ ഉപദേശകനായി മേയ് 2018 ൽ രണ്ടു വർഷത്തേക്ക് നിയമിച്ചിരുന്നു.

ഇരുപാർട്ടികൾക്കും സുസമ്മതനായിരുന്നു വിവേക്. ലോക്ഹീഡ് മാർട്ടിൻ എയ്നോനോട്ടിക്സ് ആൻഡ് ബിസിനസ് ഡവലപ്പ്മെന്‍റ് വൈസ് പ്രസിഡന്‍റായി 1996 - 2018 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. എയ്റോ സ്പെയ്സ് രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച വിവേക്, 2020 ൽ യുഎസ് - ഇന്ത്യ ബിസിനസ് കൗൺസിൽ ഗ്ലോബൽ ബോർഡ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ