ഫോമ പാർപ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി എംപി സമർപ്പിക്കും
Sunday, January 17, 2021 12:07 PM IST
മലപ്പുറം: പ്രളയദുരിതങ്ങളിൽ പെട്ട് ഉലഞ്ഞുപോയ കേരളത്തിന്‍റെ പുനർജീവന പ്രക്രിയയിൽ പങ്കാളിയായി കൊണ്ട്, അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമ ഏറ്റെടുത്ത നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി മുൻ മന്ത്രിയും, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും, എംപിയുമായ കുഞ്ഞാലിക്കുട്ടി ജനുവരി 19നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സമർപ്പിക്കും.

കേരളത്തിന്റെ നവനിർമ്മിതിയുടെ ഭാഗമായി 40 വീടുകളാണ് 2018-2020 ലെ ഫോമാ ദേശീയ നിർവ്വാഹക സമിതി കേരളത്തിൽ നിർമ്മിച്ചത്. ഫോമയിലെ അംഗങ്ങളായ വിവിധ അസോസിയേഷനുകളുടെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് പാർപ്പിട പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെ പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയത് ഫ്‌ളോറിഡയിൽ നിന്നുള്ള നോയൽ മാത്യുവാണ്. നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായവും, ഊർജ്ജവും നൽകി അതിന്‍റെ പ്രായോജകരായത് മയാമി മലയാളി അസോസിയേഷൻ, മലായാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ, 2016- 2018 കാലത്തെ ഫോമയുടെ ദേശീയ സമിതി എന്നിവരാണ്. ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം അനിയൻ ജോർജ് ചെയർമാനായും ടി ഉണ്ണികൃഷ്ണൻ കോ ഓർഡിനേറ്ററായും ജോസഫ് ഔസോ , നോയൽ മാത്യു , ബിജു തോണിക്കടവിൽ തുടങ്ങിയവർ അംഗങ്ങളായുമുള്ള കമ്മിറ്റയാണ് വില്ലജ് പ്രോജക്ടിന്റെ മേൽനോട്ടം വഹിച്ചത്.

സുരക്ഷിതവും,വാസയോഗ്യവുമായ പാര്‍പ്പിടങ്ങള്‍ ഒരു സാമൂഹ്യജീവിയായ മനുഷ്യന് അത്യന്താപേക്ഷിതമാണ്. പ്രളയം കേരളത്തിലെ ജനതയുടെ പാർപ്പിട സൗകര്യങ്ങളെയും, സുരക്ഷിത ജീവിതത്തെയുമാണ് തകർത്തുകളഞ്ഞത്. സാമ്പത്തിക-ആരോഗ്യമേഖലകളെയുൾപ്പടെ ബാധിച്ച പ്രളയത്തെ അതിജീവിക്കാനും, ആത്മവിശ്വാസത്തോടെ ജീവിക്കാനും ജീവിതം കെട്ടിപ്പെടുക്കാനുമുള്ള പ്രയത്‌നങ്ങളുടെ നാന്ദികുറിച്ച നവ കേരള നിർമ്മിതിയിൽ സജീവ പങ്കാളികളാകാൻ ഫോമക്ക് കഴിഞ്ഞതിന്റെ ഫലമാണ് നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതിയും, കടപ്ര ഫോമാ വില്ലേജ് പദ്ധതിയും. നിലമ്പൂർ പാർപ്പിട പദ്ധതിയും സമർപ്പിക്കുന്നതോടെ ഫോമയുടെ ഒരു വലിയ പദ്ധതിയുടെ സാക്ഷാൽക്കാരമാകും.

ജനുവരി 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സൂം മീറ്റിംഗിലൂടെ ശ്രീ കുഞ്ഞാലിക്കുട്ടി സമർപ്പിക്കുന്ന പരിപാടിയിൽ എല്ലാ നല്ലവരായ മലയാളികളും, ഭാഗഭാക്കാകണമെന്നുഫോമാ ദേശീയ നിർവ്വാഹക കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.