ഫിനിക്സ്: അരിസോണയിൽ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഗ്ലോബൽ കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് പ്രകൃതിദത്ത ലോകാത്ഭുതങ്ങളിൽ ഒന്നായ ഗ്രാന്റ് കാന്യൻ കാണാൻ അവസരം. കണ്‍വൻഷനിൽ പങ്കെടുക്കാനെത്തുന്നവർക്ക് പ്രത്യേക പാക്കേജായിട്ടാണ് ഗ്രാന്റ് കാന്യൻ യാത്ര ഒരുക്കുക. ഓഗസ്റ്റ് 10 നു മുൻപ് രജിസ്ട്രർ ചെയ്യുന്നവർക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. സതീഷ് അന്പാടി അറിയിച്ചു.
കൊളറാഡോ നദിയുടെ ഇരു കരകളിലുമായി 446 കിലോമീറ്റർ നീളത്തിൽ 29 കിലോമീറ്റർ വീതിയിൽ 600 അടി താഴ്ച്ചയിലുളള ഗ്രാന്റ് കാന്യൻ, ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ മായാജാലമാണ്. ലോകത്തെ ഏറ്റവും വലിയ പർവതനിരകളിലൊന്നായ റോക്കി മൗണ്ടൻസ്, ഹിമാലയത്തിന്റെ സൗന്ദര്യം ആവാഹിച്ച കൊളോറാഡോ നിരകൾ, സന്പൂർണ സമതലങ്ങൾ, നിരനിരയായ കുന്നുകൾ , കാടുകൾ തിങ്ങിയ പർവതങ്ങൾ, ഒന്നിനു പുറകെ ഒന്നായി നിൽക്കുന്ന 58 കൊടുമുടികൾ, ഉപേക്ഷിക്കപ്പെട്ട ഖനിമേഖല, മലകൾ രണ്ടായി പിളർന്ന് ആറായിരം അടി താഴ്ച്ചയിൽ 29 കിലോമീറ്റർ വീതിയിൽ അഗാധ ഗർത്തം. തവിട്ട്, പച്ച, നീല, വെള്ള തുടങ്ങി വിവിധ വർണങ്ങളുള്ള സുന്ദരമായ പാറകളുടെ അടുക്കുകൾ ചേർത്ത് വച്ച കലാസൃഷ്ടി, അതിലൂടെ ഒഴുകുന്ന പുഴ. ഗർത്തത്തിന്റെ ശിലാഭിത്തികളിൽ ലോകത്തിലെ എല്ലാത്തരം ശിലകളേയും മാതൃകകളായി കാണാവുന്ന ശിൽപങ്ങൾ, അഗാധമായ നിശബ്ദത, ആകാശവും ഭൂമിയും പാതാളവും ലയിക്കുന്നതായുള്ള തോന്നൽ. പ്രകൃതിയെന്ന ശിൽപി തീർത്ത ഈ മഹാനിർമിതിയുടെ സൗന്ദര്യവും, ഗംഭീര്യവും, ബാഹുല്യവും വിശദികരിക്കാൻ ഭാഷക്കോ, ചിത്രത്തിലാക്കാൻ ചിത്രകാരനോ സാധിക്കില്ല. അതാസ്വദിക്കണമെങ്കിൽ നേരിൽ കാണുക തന്നെ വേണം. അതിനുള്ള അവസരമാണ് കഐച്ച്എൻഎ ഒരുക്കുന്നത്.
2021 ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോർട്ടിലാണ് കണ്വൻഷൻ. രണ്ടുവർഷം കൂടുന്പോൾ നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുൻനിർത്തി 2021 ജൂലൈയിൽ നിന്നും ഡിസംബർ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു. പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങൾ, സദ്സംഗങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ, ചർച്ചകൾ തുടങ്ങിയവ കണ്‍വൻഷന്റെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രർ ചെയ്യാനും www.namaha.org സന്ദർശിക്കുക
റിപ്പോർട്ട്: പി. ശ്രീകുമാർ