ഫോമാ കൻകൂൺ ഗ്ലോബൽ കൺവൻഷൻ: ജോൺ ടൈറ്റസ് - കുസുമം ടൈറ്റസ് ഗോൾഡ് സ്പോൺസർമാർ
Saturday, May 28, 2022 7:53 AM IST
കൻകൂൺ: മെക്സിക്കോയിലെ കൻകൂണിൽ സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ നടക്കുന്ന ഫോമാ രാജ്യാന്തര മലയാളി കൺവൻഷന്‍റെ ഗോൾഡ് സ്പോൺസർമാരായി സിയാറ്റിലിൽ നിന്നുള്ള പ്രമുഖ വ്യവസായിയും മുൻ ഫോമാ പ്രസിഡന്‍റുമായ ജോൺ ടൈറ്റസിനെയും ഭാര്യ കുസുമം ടൈറ്റസിനെയും തിരഞ്ഞെടുത്തു.

ഫോമായുടെ തുടക്കം മുതൽ അതിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകിയിട്ടുള്ള ടൈറ്റസ് ദമ്പതികൾ, ഫോമയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും നിർലോഭമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഫോമായുടെ വിദ്യാഭ്യാസ സഹായനിധിക്കും ഫോമാ വില്ലേജിൽ വീടുകൾ നിർമിക്കുന്നതിനും സർക്കാർ ആശുപത്രികൾക്ക് വെന്‍റിലേറ്റർ നൽകുന്നതിനും ചെയ്ത സഹായങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതാണ് . നിരവധി കാരുണ്യ സംഘടനകൾ വഴി നിരാലംബർക്കു സഹായങ്ങൾ നൽകി വരുന്ന ടൈറ്റസ് കുടുംബം അമേരിക്കൻ മലയാളികൾക്ക് അഭിമാനവും പിന്തുടരാവുന്ന മാതൃകയുമാണ്.

ഫോമാ കൺവൻഷൻ റജിസ്ട്രേഷൻ പുരോഗമിക്കുന്നതിനിടെ രജിസ്റ്റർ ചെയ്യുന്നവരിൽ 80 ശതമാനം ആൾക്കാരും ഫാമിലിയായിട്ടാണ് ബുക്ക് ചെയ്തിട്ടുള്ളത്. കൺവൻഷന് പങ്കെടുക്കുന്നവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് അല്ലാതെ മറ്റൊരു ചെലവുകളും റിസോർട്ടിൽ ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണം എപ്പോൾ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഏതു റസ്റ്ററന്‍റുകളിൽ നിന്നും കഴിക്കാം. നാട്ടിൽ നിന്നു വരുന്ന സെലിബ്രിറ്റീസ് , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ താമസിയാതെ പ്രസിദ്ധികരിക്കും. കൺവൻഷന് രജിസ്റ്റർ ചെയ്തവരിൽ നിന്നു മാത്രമേ കമ്മിറ്റികളെ തിരഞ്ഞെടുക്കുകയുള്ളു.

കൺവൻഷനിൽ പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല , എല്ലാവർക്കും ഫോമാ വെബ് സൈറ്റിലൂടെ കൺവൻഷന് രജിസ്റ്റർ ചെയ്യാവുന്നതാണ് . ഓൺലൈൻ റജിസ്ട്രെഷൻ ഫോമാ വെബ്സൈറ്റിലൂടെ നടത്താവുന്നതാണെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി. ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു

https://fomaa.org/convention/registration സന്ദർശിക്കുക.