ബൗ വൗ
തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലായി നമിത നിർമിക്കുന്ന ബൗ വൗ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. ആർ.എൽ. രവി, മാത്യു സ്കറിയ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ബ്ലോഗറുടെ വേഷത്തിൽ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബ്രിട്ടീഷ് അധിനിവേശ കാലത്തിനുശേഷം അവർ ഉപേക്ഷിച്ചുപോയ വനമധ്യത്തിലുള്ള ദുരൂഹമായ ഒരു എസ്റ്റേറ്റിന്റെ കഥ പകർത്താനായി ബ്ലോഗർ എത്തുന്നതും അതിനിടയിൽ അവിടത്തെ പൊട്ടക്കിണറ്റിൽ അകപ്പെട്ട അവരെ രക്ഷപ്പെടുത്താനായി ഒരു നായ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ഇതിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കലാസംവിധായകൻ അനിൽ കുന്പഴ 35 അടി താഴ്ചയിൽ വലിയ ബഡ്ജറ്റിൽ ഒരു കിണറിന്റെ സെറ്റൊരുക്കിയിട്ടുണ്ട്. എസ്. നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ്. നാഥ് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. കൃഷ്ണ നിർവഹിക്കുന്നു. മുരുകൻ മന്ദിരത്തിന്റെ വരികൾക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റർ: അനന്തു എസ്. വിജയൻ, പിആർഒ: എ.എസ്. ദിനേശ്.
അണ്‍ലോക്ക്
നടനും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്‍ലോക്ക്. മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന ചിത്രത്തിൽ ചെന്പൻ വിനോദ്, ശ്രീനാഥ് ഭാസി, ശ്രീകാന്ത്, ഇന്ദ്രൻസ്, ഷാജി നവോദയ, ചെന്പിൽ അശോകൻ, അഭിലാഷ് പട്ടാളം, മംമ്ത മോഹൻദാസ്, ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് അണ്‍ലോക്ക് എന്ന ചിത്രത്തിൽ വളരെ രസകരമായി അവതരിപ്പിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അനിൽ ജോണ്‍സ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ: സി.ജെ. ഡേവിസണ്‍.
മിഷൻ സി
അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം മിഷൻസി ഇടുക്കി രാമക്കൽമേട്ടിൽ ചിത്രീകരണം ആരംഭിച്ചു. എം സ്ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി നിർമിക്കുന്ന ചിത്രത്തിൽ മേജർ രവി, ജയകൃഷ്ണൻ, കൈലാഷ് തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിർവഹിക്കുന്നു. സുനിൽ ജി. ചെറുകടവ് എഴുതിയ വരികൾക്ക് ഹണി, പാർഥസാരഥി എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ: റിയാസ് കെ. ബദർ. വാർത്താപ്രചാരണം: എ.എസ്. ദിനേശ്.