പച്ചമാങ്ങ ചട്ട്ണി
ആവശ്യമായവ: രണ്ട് പച്ചമാങ്ങ നല്ലതുപോലെ മൂത്തത്, അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂണ് തരിമുളകുപൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുത്തത് ഒരു വലിയ കരണ്ടി, ഒരു ടീസ്പൂണ് വിനാഗിര, ഉപ്പ്.
ഉണ്ടാക്കുന്ന വിധം
രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് പഞ്ചസാര ചേർത്തിളക്കുക. ഇത് അലിഞ്ഞാൽ ചെറുതാക്കി അരിഞ്ഞ മാങ്ങ കഷണങ്ങൾ ചേർത്തിളക്കുക.
മാങ്ങ വെന്തു തുടങ്ങിയാൽ മുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തിളക്കുക. മാങ്ങാ കഷണങ്ങൾ നല്ലതുപോലെ വെന്തുകഴിഞ്ഞാൽ ഉപ്പും വിനാഗിരിയും ചേർത്ത് ചാറു പറ്റിയാൽ ഇറക്കിവയ്ക്കാം. ഇതു തണുത്തുകഴിഞ്ഞു കുപ്പിയിലാക്കി സൂക്ഷിക്കാം. ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും വിളന്പാം.
മധുരം ചേർത്ത പച്ച മാങ്ങ അച്ചാർ
പച്ചമാങ്ങ തൊലി മാറ്റി കഷണങ്ങളാക്കിയത് രണ്ടു കപ്പ്, ഇഞ്ചി നീളത്തിൽ അരിഞ്ഞത് ഒരു ടേബിൾ സ്പൂണ്, ഉണക്കമുളക് 15, ഉണക്കമുന്തിരി- കാൽ കപ്പ്, പഞ്ചസാര- ഒന്നേകാൽ കപ്പ്, വിനാഗിരി- രണ്ടു വലിയ കരണ്ടി, കടുകു പൊടിച്ചത്- ഒരു ചെറിയ കരണ്ടി, ഇഞ്ചി വെളുത്തുള്ളി ചേർത്തരച്ചത്- ഒരു വലിയ കരണ്ടി, ആവശ്യത്തിന് ഉപ്പ്.
ഉണ്ടാക്കുന്ന വിധം
ഒന്നര കപ്പ് വെള്ളം ചൂടാക്കി പഞ്ചസാര ചേർത്ത് അലിയിക്കുക. ഇതിലേക്കു മാങ്ങയും ഇഞ്ചിയും കുരു കളഞ്ഞ് കീറിയെടുത്ത മുളകും ചേർക്കുക. നല്ലതുപോലെ തിളച്ചുകഴിഞ്ഞു ബാക്കിയുള്ളവയെല്ലാം ചേർത്തിളക്കുക. പാകത്തിനു കുറുകിയാൽ ഇറക്കിവയ്ക്കാം. തണുത്തശേഷം കുപ്പിയിലാക്കാം.
കണ്ണി മാങ്ങ അച്ചാർ
ചെറിയ കണ്ണിമാങ്ങ- ഏഴു കപ്പ്, കാശ്മീരി മുളകുപൊടി- ഒരു വലിയ കരണ്ടി, കടുക്- ഒരു വലിയ കരണ്ടി പൊടിച്ചെടുത്തത്, നല്ലെണ്ണ- ഒരു കപ്പ്, ഉപ്പ്- ഒരു കപ്പ്.
ഉണ്ടാക്കുന്ന വിധം
മാങ്ങ കഴുകി വെള്ളം തോർന്നതിനുശേഷം ഉപ്പുചേർത്ത് ഒരു രാത്രിയും ഒരു പകലും വയ്ക്കുക.
പിന്നീടു കടുകുപൊടിയും മുളകും കായവും ചേർത്തിളക്കി ഒരു ഭരണിയിലാക്കുക.
ഇതിനു മുകളിൽ എണ്ണയൊഴിച്ചു കൊടുക്കുക. ഭരണി കുറച്ചു ദിവസം മൂടിവയ്ക്കുക. പിന്നീട് എടുത്ത് ഉപയോഗിക്കാം. കുറെനാൾ ഇരിക്കും.
ഓമന ജേക്കബ്