മാറുന്ന ഇന്ത്യയിൽ മാറാത്ത മൂസയുടെ പോരാട്ടമെന്ന് ഒറ്റ വാക്യത്തിൽ മേ ഹൂം മൂസയെ വിശേഷിപ്പിക്കാം. സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മേ ഹും മൂസ. സുരേഷ് ഗോപി മൂസ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പെട്ടെന്ന് ഒരു ദിവസം സ്വന്തം നാട്ടിൽ അന്യനായ മൂസ. അയാളുടെ ജീവിത കാഴ്ചകൾ! അയാൾ വീണ്ടും വീണ്ടും പറഞ്ഞു, മേ ഹൂം മൂസ. ആരും വിശ്വസിച്ചില്ല. പക്ഷേ അയാൾ പിന്മാറില്ല. ഇത് വരെ കേട്ടുകേൾവി പോലുമില്ലാത്ത അയാളുടെ ഒറ്റയാൾ പോരാട്ടത്തിന്റെ വ്യത്യസ്തമായ വഴിത്താരകൾ അവിടെയാരംഭിക്കുകയായിരുന്നു.
കാലനോടും കാലത്തോടും ഒരേ സമയം യുദ്ധം ചെയ്യേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതം. നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാതായ മൂസക്ക് പക്ഷേ അവിടെ ജീവിച്ച് തെളിയിക്കേണ്ട കാര്യങ്ങൾ ചിലതുണ്ടായിരുന്നൂ.
മൂസയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ. കൂട്ടായി ആകെയുള്ളത് തോൽക്കാൻ മനസില്ലാത്ത ഒരു മനസും പിരിയാത്ത ചങ്ങാതിയും മാത്രം. നിസഹായതയുടെ നിരാശയിൽനിന്നും മൂസ ഒരേ സമയം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യാക്കാരനായി ആവേശം കൊള്ളുന്പോഴും പിറന്ന മണ്ണിൽ അന്യനാവേണ്ടിവരുന്ന ഒരു പൗരന്റെ വിചിത്രമായ പോരാട്ടമാണ് മൂസയുടെ ജീവിതം. പ്രശ്നം മൂസയുടെ മാത്രമായിരുന്നുവെങ്കിലും വന്നവനും പോയവനും കേട്ടവനും കണ്ടവനുമൊക്കെ അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി സഹായിച്ചു.
അതോടെ മൂസയും ആശങ്കയിലായി. മൂസയ്ക്ക് ഭാര്യയും മകളും അനിയനും അനിയത്തിയുമുണ്ട്. പക്ഷേ അവർക്കും ഇപ്പോൾ അയാളെ വേണ്ട. പക്ഷേ തോറ്റ് മടങ്ങാൻ മൂസ ഒരുക്കമല്ലായിരുന്നു.
ഓരോ ദിവസം കഴിയുന്തോറും പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി. നാട്ടുക്കാർ രണ്ടു ചേരിയായി തിരിഞ്ഞു വാക്ക് തർക്കമായി, വഴക്കായി, കയ്യാങ്കളിയായി, പോലീസ് കേസായി. മാധ്യമങ്ങൾ മൈക്കെടുത്തു. പിന്നെ പറയണോ? വിഷയം മാണൂരും മലപ്പുറവും കേരളവും ഇന്ത്യയും കടന്ന് അന്താരാഷ്ട്ര പ്രശ്നമായി. കച്ചും കാശ്മീരും കറാച്ചിയും ചർച്ചാവിഷയമായി.
ഇങ്ങനെ മൂസയുടെ ജീവിതത്തിലും വീട്ടിലും നാട്ടിലുമുണ്ടാവുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് മേ ഹൂം മൂസ എന്ന ചിത്രത്തിൽ ദൃശൃവൽക്കരിക്കുന്നത്. ചിത്രം 29ന് തീയേറ്ററുകളിലെത്തും.
മാറുന്ന ഇന്ത്യയിൽ മാറാത്ത മൂസയുടെ പോരാട്ടമെന്ന് ഒറ്റ വാക്യത്തിൽ മേ ഹൂം മൂസയെ വിശേഷിപ്പിക്കാം. സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മേ ഹും മൂസ. സുരേഷ് ഗോപി മൂസ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സഹോദരനായി സൈജു കുറുപ്പും ഭാര്യയായി പൂനം ബജ്വയും അനിയത്തിയായി സൃന്ദയും കൂട്ടുക്കാരനായി ഹരീഷ് കണാരനും അഭിനയിക്കുന്നു. സലിംകുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, ശരണ്, അശ്വനി, ജിജിന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കാശ്മീർ, വാഗാ, അമൃത്സർ, ഡൽഹി, കച്ച്, രാജസ്ഥാൻ, ധനുഷ്കോടി, പഞ്ചാബ്, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന മേ ഹും മൂസ ഒരു പാൻ ഇന്ത്യൻ സിനിമയാണ്.
1990 കളിൽ തുടങ്ങി 2019 കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന മേ ഹും മൂസ ഒരു ക്ലീൻ എന്റർടൈനറായിട്ടാണ് ജിബു ജേക്കബ് അവതരിപ്പിക്കുന്നത്.
കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം- രൂപേഷ് റെയ്ൻ. സജ്ജാദ്, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകുന്നു. എഡിറ്റർ: സൂരജ് ഇ. എസ്. പിആർഒ: എ.എസ്. ദിനേശ്.