വൈറലായി ഐപിഎല്ലിനിടയില്‍ വീട് അന്വേഷിക്കുന്ന ആള്
Tuesday, April 18, 2023 12:56 PM IST
ഐപിഎല്‍ എത്തിയതോടെ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലഹരിയിലാണല്ലൊ. മുംബൈ ഇന്ത്യന്‍സിനായും രാജസ്ഥാന് റോയല്‍സിനായും ചെന്നൈ സൂപ്പര്‍ കിംഗ്സിനായും മറ്റ് ടീമുകള്‍ക്കായും ആരാധകര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
പലരും ആവേശഭരിതരായി മൈതനാത്തേക്കുതന്നെ എത്തുകയാണ്. എന്നാല്‍ ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്നു പറയുന്ന പോലുള്ള ഒരു കാഴ്ച കഴിഞ്ഞദിവസം ഐപിഎല്‍ നടക്കുന്ന മൈതാനത്തുനിന്നും ഉണ്ടായി.
ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന ബംഗളൂരുവിന്റെ മത്സരത്തിലാണ് രസകരമായ ഈ കാഴ്ച ഉണ്ടായത്. മത്സരത്തിനിടയില്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തി.
സാധാരണ ഇത്തരം പ്ലക്കാര്‍ഡുകളില്‍ കളിക്കാരുടെ പേരോ മറ്റുമായിരിക്കും ഉണ്ടാവുക. എന്നാല്‍ ഈ യുവാവ് ഉയര്‍ത്തിയ കാര്‍ഡില്‍ "ഇന്ദിരാനഗറില്‍ 2 ബിഎച്ച്കെ തിരയുന്നു' എന്നാണെഴുതിയിരുന്നത്. ആറ്റിന് ബോസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇത് പങ്കുവച്ചു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കറിയാം വാടകയ്ക്ക് സ്ഥലം കിട്ടാന്‍ എത്ര ബുദ്ധിമുട്ടാണെന്ന്. ഏതായാലും അഞ്ചുപൈസ മുടക്കാതുള്ള ഈ ബുദ്ധിപരമായ പരസ്യം വിജയിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കുറിക്കുന്നത്.