"ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ഒരു ഹൃദയം സൂക്ഷിക്കുന്ന യുവതി; അസാധാരണമെന്ന് നെറ്റിസണ്
Tuesday, January 3, 2023 11:43 AM IST
സ്നേഹമോ കടപ്പാടോ ഒക്കെ കാട്ടാന്‍ സാധാരണ ഹൃദയത്തില്‍ സൂക്ഷിക്കുക എന്ന് പറയാറുണ്ട്. എന്നാല്‍ അതിനായി ഹൃദയം സൂഷിക്കുന്ന വേറൊരാള് ഉണ്ടാകാനിടയില്ല. അക്കാരണത്താലാണ് ജെസീക്ക മാനിംഗ് എന്ന ന്യൂസിലാന്‍ഡ് യുവതി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ജെസീക്ക തന്റെ യഥാര്‍ഥ ഹൃദയം ഒരു പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിന്റെ കാരണമായി ഈ യുവതി പറയുന്നത് തനിക്ക് ഹൃദയം നല്കിയ ആളോടുള്ള കടപ്പാടിനാണത് എന്നാണ്.
ജന്മനാ ഹൃദ്രോഗിയായ ആളായിരുന്നു ജെസീക്ക. മൂന്നു വയസിനുള്ളില്‍ത്തന്നെ 200ല്‍ അധികം ശസ്ത്രക്രിയയ്ക്ക് അവര്‍ വിധേയ ആയിട്ടുണ്ട്. അതില്‍ രണ്ട് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും ഉള്‍പ്പെടുന്നു.
പലവട്ടം ഹൃദയം മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ദാതാവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ തന്റെ 25-ാം വയസിലാണ് ജെസീക്കയ്ക്ക് ഒരു ഹൃദയം ലഭിച്ചത്. ആ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചതോടെ ജെസീക്ക സാധാരണയായൊരു ജീവിതത്തിലേക്ക് തിരികെ വന്നു.
തന്റെ രണ്ടാം ജന്മത്തില് അവള്‍ക്ക് ഏറ്റവും കടപ്പാടുള്ളത് തനിക്ക് ഹൃദയം നല്കിയ ദാതാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമാണ്. ആ വ്യക്തിയോടുള്ള നന്ദി സൂചകമായിട്ടാണ് അവര്‍ പഴയ ഹൃദയം ഇത്തരത്തില്‍ കാക്കുന്നത്.
വാക്വം സീല്‍ ചെയ്ത ഒരു ബാഗില്‍ ഒരു പ്രിസര്‍വേഷന്‍ ലായനിയിലാണ് ഹൃദയം സൂക്ഷിച്ചിരിക്കുന്നത്. താന്‍ സ്വന്തമായി ഒരു വീട് പണിയുമ്പോള്‍ അതിനടുത്തായി ആ ഹൃദയം കുഴിച്ചിട്ട് മുകളില്‍ ഒരു വൃക്ഷത്തൈ നടുമെന്ന് ജെസീക്ക പറയുന്നു.
അതിലൂടെ ഹൃദയംനല്കിയ ആളുടെ ഓര്‍മകളും തന്നോട് കൂടെ ജീവിക്കുമെന്ന് ജെസീക്ക മാനിംഗ് വിശ്വസിക്കുന്നു. യുവതിയുടെ പ്രവര്‍ത്തിയില്‍ നെറ്റിസണും അത്ഭുതം കൂറുകയാണ്. അസാധാരണ സംഭവമെന്നാണ് ചിലര്‍ ഇതിനെ കമന്റുകളില്‍ വിശേഷിപ്പിച്ചത്.