Star Chat |
Back to home |
|
‘മുന്തിരിവള്ളികളിൽ തളിർക്കുന്നത് ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം’ |
|
 |
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള സ്പേസ് നമ്മുടെ കുടുംബജീവിതത്തിൽ എവിടെയൊക്കെയൊ ഉണ്ടെന്നും നമുക്ക് എന്തെങ്കിലും നഷ്‌ടപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അതിലൂടെ അതു തിരിച്ചുപിടിക്കാമെന്നും ഈ സിനിമ കാണികളെ ഓർമപ്പെടുത്തുന്നു...’’മോഹൻലാൽ നായകനായ, ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചന നിർവഹിച്ച എം.സിന്ധുരാജ്. മറ്റൊരാളിന്റെ കഥയ്ക്ക് ആദ്യമായിട്ടാവും തിരക്കഥയൊരുക്കുന്നത്...? വി.ജെ. ജയിംസിന്റെ കഥയിൽ നിന്ന് പ്രചോദനം നേടി പുതിയ കഥ ഉണ്ടാക്കിയിരിക്കുകയാണ്. 2011 ൽ മാതൃഭൂമിയിൽ വന്ന വി.ജെ. ജയിംസിന്റെ കഥയാണ് ‘പ്രണയോപനിഷത്ത്’. ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണത്. ഭാര്യയും ഭർത്താവും മാത്രമുള്ള, അവരുടെ മനോവിചാരങ്ങളുടെ, അവരുടെ റിലേഷൻഷിപ്പിന്റെ കഥയാണ് പ്രണയോപനിഷത്ത്. വളരെ മനോഹരമായ ഒരു കഥ.  പക്ഷേ, ചെറുകഥയുടെ ടെക്സ്റ്റിൽ നിന്നുകൊണ്ട് ഒരിക്കലും ഒരു സിനിമ ചെയ്യാൻ പറ്റില്ല. എന്നാൽ മനോഹരമായ ആ കഥയ്ക്കുള്ളിലെ ഒരാശയത്തിൽ ഒരു സിനിമയുണ്ടെന്നു തോന്നിയപ്പോൾ എന്റെ സുഹൃത്തുകൂടിയായ ജയിംസേട്ടനെ വിളിച്ചു. ഈ കഥയിൽ ഒരു സിനിമ കാണുന്നുണ്ടെന്നും ഞാൻ അതു ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ പ്രണയോപനിഷത്തിലെ ആനിയമ്മയെയും ഉലഹന്നാനെയും എടുത്ത് അവരെ പുതിയ ഒരു സ്‌ഥലത്തേക്കു കൊണ്ടുപോയി അവർക്കു പുതിയ ജോലിയും ജീവിതസാഹചര്യവുമുണ്ടാക്കി. പുതിയ ചുറ്റുപാടുകളുണ്ടാക്കി, അവരിൽ ഒരു പുതിയ കഥയുണ്ടായി. പ്രണയോപനിഷത്തിലെ പ്രധാനപ്പെട്ട ഒരാശയത്തിൽ ഞാനൊരു സിനിമ കണ്ടെത്തുകയായിരുന്നു. ആ ആശയം വച്ച് സിനിമയ്ക്കുവേണ്ടി പുതിയൊരു കഥയുണ്ടാക്കി. അങ്ങനെയാണ് പ്രണയോപനിഷത്ത് എന്ന കഥയിൽ നിന്നു ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിലെത്തുന്നത്. ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം തന്നെയാണ് സിനിമ. പക്ഷേ, പുതിയ ഒരു കഥയിലൂടെയാണ് അതു പറയുന്നതെന്നു മാത്രം.  നിർമാതാവ് സോഫിയ പോളിന്റെ സമീപനം എങ്ങനെയായിരുന്നു...? കഥ കേട്ടപ്പോൾതന്നെ അവർ വലിയ ആവേശത്തിലായി. സിനിമയെ ഒരുപാടു സ്നേഹിക്കുന്ന നിർമാതാവാണ്. നല്ല ഒരു കഥ കേൾക്കുമ്പോൾ അവർക്ക് സിനിമയോടുണ്ടാകുന്ന ഇഷ്‌ടം, അത്തരം വിഷയങ്ങളോടുള്ള ഇഷ്‌ടം തുടങ്ങിയവയൊക്കെ അതിൽ പ്രതിഫലിക്കുന്നുണ്ടാവും. ഞാൻ ചെയ്ത സിനിമകളുടെ പ്രൊഡ്യൂസർമാരെല്ലാം നല്ല പൊഡ്യൂസർമാരായിരുന്നു. സോഫിയചേച്ചിയും സിനിമയോട് ഒരുപാട് ഇഷ്‌ടമുള്ള പ്രൊഡ്യൂസറാണ്. അതിന്റേതായ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഈ പ്രോജക്ടിൽ ഉണ്ടായിട്ടുണ്ട്.  സംവിധായകനായി ജിബുജേക്കബിനെ നിശ്ചയിക്കുന്നത്..? സിനിമയുടെ പ്രോജക്ട് ആയിക്കഴിഞ്ഞാണ് ജിബു ജേക്കബിനെ സംവിധായകനായി തീരുമാനിക്കുന്നത്. പ്രൊഡ്യൂസർ സോഫിയ പോളിനോടാണ് ആദ്യം ഞാൻ കഥ പറഞ്ഞത്. അവർക്കു കഥ ഇഷ്‌ടമായി. തുടർന്നു ഞാൻ പോയി ലാലേട്ടനോടു കഥപറഞ്ഞു. മോഹൻലാലിനു കഥ ഏറെ ഇഷ്‌ടമായി. തുടർന്ന് ആരെക്കൊണ്ടു ഡയറക്ട് ചെയ്യിപ്പിക്കാം എന്ന ചർച്ചയിലാണ് ജിബുവിന്റെ പേരുവന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രമേയമെന്താണ്...? ജീവിച്ചുജീവിച്ചു ജീവിതം ഡ്രൈ ആയിപ്പോയ ഒരാൾ അയാളുടെ ജീവിതം പ്രണയസുരഭിലമായ ഒരു ജീവിതാവസ്‌ഥയിലേക്കു കൊണ്ടുവന്ന് ജീവിതം തിരിച്ചുപിടിക്കുന്നതാണ് ഈ സിനിമ. ജീവിതത്തിന്റെ മിഡിൽ ഏജിൽ നിന്നു തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് എന്തെങ്കിലുമൊക്കെ നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നു തോന്നാവുന്നതാണ്. ഈ സിനിമ കാണുമ്പോഴെങ്കിലും എല്ലാ കുടുംബങ്ങളിലെയും എല്ലാ ഭാര്യാഭർത്താക്കന്മാരും അത്തരം ഒരു തിരിഞ്ഞുനോട്ടത്തിനു തയാറാകുമെന്നും എന്തെങ്കിലുമൊക്കെ നഷ്‌ടപ്പെട്ടതായി ആ തിരിഞ്ഞുനോട്ടത്തിൽ അവർക്കു ബോധ്യമായാൽ ആ നഷ്‌ടപ്പെടലുകളെ ഒരു തിരുത്തലിലൂടെ വീണ്ടെടുക്കാനാകുമെന്നുമാണ് ഈ സിനിമ പറയുന്നത്. ഈ സിനിമയുടെ വർത്തമാനകാല പ്രസക്‌തിയെക്കുറിച്ച്...? ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിലേക്കുള്ള ഒരെത്തിനോട്ടം തന്നെയാണ് ഈ സിനിമ. ഈ കാലഘട്ടത്തിൽ നിന്നുകൊണ്ടാണല്ലോ എഴുത്തുകാനായ ഞാനും എന്റെ കുടുംബജീവിതത്തിൽ നിന്നുകൊണ്ട് ഈ സിനിമ പറയുന്നത്. തീർച്ചയായും ഇത് ഈ കാലഘട്ടത്തിന്റെ സിനിമ തന്നെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകൾ...? ഉലഹന്നാൻ വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു. ഓഫീസിലെത്തിയാൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്‌ഥൻ നേരിടുന്ന ഓഫീസ് അന്തരീക്ഷത്തിലെ പ്രശ്നങ്ങൾ, അതിന്റെ ഡ്രൈനസ്. അതുകഴിഞ്ഞു വൈകുന്നേരം ബസിൽ കയറി വീണ്ടും വീട്ടിൽ വരുന്നു. അങ്ങനെ എല്ലാദിവസവും ഒരുപോലെയായിപ്പോയി ജീവിതം യാന്ത്രികമായി മാറിപ്പോയ ഒരാളാണ് ഈ സിനിമയിൽ ആദ്യം നാം കാണുന്ന ഉലഹന്നാൻ. ആ യാന്ത്രികതയിൽ നിന്ന് അദ്ദേഹം നേടുന്ന മോചനം അദ്ദേഹത്തിന്റെ ജീവിതം വർണാഭമാക്കുന്നതാണ് ഈ സിനിമ.  പഞ്ചായത്തു സെക്രട്ടറിയാണല്ലോ ഉലഹന്നാൻ. ഈ സിനിമ രാഷ്ട്രീയപരമായ കാര്യങ്ങളും ചർച്ചചെയ്യുന്നുണ്ടോ...? രാഷ്ട്രീയവിഷയങ്ങളൊന്നുമില്ല. പക്ഷേ, ഒരു പഞ്ചായത്ത് സെക്രട്ടറി എന്ന നിലയ്ക്കു പഞ്ചായത്തിലെ ജനങ്ങളെ ബാധിക്കുന്ന തരത്തിൽ കുറേ കാര്യങ്ങൾ ഈ സിനിമ പറയുന്നുണ്ട്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ താങ്കളുടെ പത്താമത്തെ സിനിമയാണല്ലോ. ആദ്യമായിട്ടല്ലേ മോഹൻലാലിനു വേണ്ടി എഴുതുന്നത്...? ഈ സിനിമയിലെ കഥാപാത്രം ഉലഹന്നാനെ ലാലേട്ടൻ ചെയ്താൽ അതു ഭദ്രമായിരിക്കുമെന്നും ലാലേട്ടൻ ചെയ്താലാണ് ഏത് ഏറ്റവും മനോഹരമാകുന്നത് എന്നും നമുക്ക് അറിയാമായിരുന്നു. പിന്നീട് ലാലേട്ടനെ മനസിൽകണ്ട് ഉലഹന്നാനെ എഴുതുമ്പോൾ മോഹൻലാൽ എന്ന ആക്ടറിനെ എങ്ങനെ ഉലഹന്നാനിലൂടെ ഉപയോഗിക്കാം എന്നതിന്റെ ഒരു വെല്ലുവിളി കൂടിയുണ്ടായിരുന്നു, ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക്. അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ഞാൻ തിരക്കഥയിൽ ഞാൻ നടത്തിയിട്ടുണ്ട്.  പുലിമുരുകനു ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രം എന്ന നിലയിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെയാണ്..? ഒരുപക്ഷേ, പുലിമുരുകനിൽ കാണാത്ത ഒരു മോഹൻലാൽ ഈ സിനിമയിലുണ്ടാവും. അതുതന്നെയാണ് നമുക്കു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം. പഴയ ജനപ്രിയ മോഹൻലാൽ ചിത്രങ്ങളിലെ ഘടകങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഇതിൽ ഉണ്ടായിട്ടുണ്ടോ...? പഴയതൊക്കെ വിട്ടേക്കൂ. ഇപ്പോഴുള്ള ലാലേട്ടനെ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണു നോക്കിയത്. കാരണം, കാലഘട്ടങ്ങൾക്കനുസരിച്ചുള്ള വ്യത്യാസം എല്ലാ ആളുകളിലുമുണ്ടാവും, എല്ലാ രീതിയിലും. വർത്തമാനകാലത്തിൽ നിന്നുകൊണ്ടാണ് ഈ കഥയെയും അതിലെ നടനെയും കാണേണ്ടത്. പ്രസന്റിലുള്ള ലാലേട്ടനെ എങ്ങനെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണു കാണേണ്ടത്. പഴയ ലാലേട്ടനെ നമുക്കു മാറ്റിവയ്ക്കാം. അതു നമ്മൾ കണ്ട് ആഘോഷിച്ചു കഴിഞ്ഞ ഒരു ഏരിയയാണ്. പ്രസന്റിൽ നമ്മുടെ മുമ്പിലുള്ള ലാലേട്ടനെ ഏറ്റവും മനോഹരമായി എങ്ങനെ ഉപയോഗിക്കാമെന്നും പ്രസന്റിലിറങ്ങുന്ന സിനിമകളിൽനിന്നു വ്യത്യസ്തമായി അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കിയിട്ടുണ്ട് ഈ സിനിമയിൽ. അതിനെക്കുറിച്ചു നമ്മൾ ആ രീതിയിൽ ചിന്തിക്കണമെന്നാണ് എന്റെ അഭിപ്രായം. ആ രീതിയിൽ ലാലേട്ടന്റെ വളരെ മനോഹരമായ, വളരെ ഗംഭീരമായ പെർഫോമൻസുള്ള കാരക്ടറായിരിക്കും ഉലഹന്നാൻ. ഷൂട്ടിംഗിൽ താങ്കളുടെ പങ്കാളിത്തം എത്രത്തോളമാണ്...? സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. എന്റെ എല്ലാ പടങ്ങളിലും ഷൂട്ടിംഗിന് ഫുൾടൈം ഞാനും മോണിട്ടറിനു സമീപമുണ്ടാവും. ഷൂട്ടിംഗിൽ ഞാനും ഫുൾ പങ്കാളിയാണ്, ഓരോ മിനിട്ടിലും.  മോഹൻലാലിനൊപ്പം കുറേയേറെ ദിവസങ്ങൾ.. ഇത്തരം ഒരവസരം ആദ്യമായിട്ടാവും..? തീർച്ചയായും. വളരെ പോസിറ്റീവായ, നമുക്ക് ഏറ്റവും കംഫർട്ടായ ഒരു ആക്ടറാണ് മോഹൻലാൽ. ആ ഷൂട്ടിംഗ് ദിനങ്ങൾ ഞാൻ മാക്സിമം എൻജോയ് ചെയ്ത ദിവസങ്ങളാണ്.  ആനിയമ്മയെക്കുറിച്ച്...? ഉലഹന്നാനു തുല്യമായ പ്രാധാന്യമുള്ള കഥാപാത്രമാണ് ആനിയമ്മ. ഉലഹന്നാന്റെ ലൈഫ് ഡ്രൈ ആയിപ്പോയി എന്നു പറയുമ്പോൾ ഒപ്പം ആനിയമ്മയുടെയും ലൈഫ് ഡ്രൈ ആയിട്ടുണ്ടാവും. ഭർത്താവെന്ന നിലയിൽ ഉലഹന്നാനിൽ ഉണ്ടാകുന്ന മാറ്റം തീർച്ചയായും ഒരു കണ്ണാടിയിലെന്നപോലെ ഭാര്യയായ ആനിയമ്മയിലുമുണ്ടാവും. അവർക്ക് ഒരുമിച്ചാണ് ആ മാറ്റം ഉണ്ടാകുന്നത്.  മീനയ്ക്കു വേണ്ടി ആദ്യമായിട്ടാവും എഴുതുന്നത്. മീനയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ..? അതെ. വളരെ നല്ല അനുഭവം തന്നെയാണ് മീനയുമായിട്ടും ഉണ്ടായത്. പ്രഫഷണലി മികച്ച ടാലന്റുള്ള ആർട്ടിസ്റ്റാണ്. ലാലേട്ടനുമായുള്ള അവരുടെ കോംബിനേഷൻ വളരെ മനോഹരമാണ്. അതിന്റെ കെമിസ്ട്രി ഈ സിനിമയിൽ വളരെ നന്നായി ഉപയോഗിക്കാനായിട്ടുണ്ട്. സ്ക്രിപ്റ്റ് എഴുതുമ്പോൾത്തന്നെ മീനയാണ് ആനിയമ്മ എന്ന് ഉറപ്പായിരുന്നോ...? എഴുതുന്ന സമയത്ത് മീനയാവും നായിക എന്നതിൽ എത്തിയിരുന്നില്ല. പക്ഷേ, എഴുതിക്കഴിഞ്ഞപ്പോൾ മീന ആയിരുന്നു ഫസ്റ്റ് ഓപ്ഷൻ. മീനയെ കണ്ടു കഥ പറഞ്ഞു. മീനയ്ക്കു കഥ ഇഷ്‌ടമായി. അതിനാൽ വെറൊരാളിനോടു കഥ പറയേണ്ടിവന്നില്ല. ഇവരുടെ മക്കൾക്കും കഥയിൽ കാര്യമായ പ്രാധാന്യമുണ്ടാകുമോ...? ഉലഹന്നാന്റെയും ആനിയമ്മയുടെയും മക്കളായ ജിനി, ജെറി എന്നീ വേഷങ്ങളിൽ ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് എന്നിവരാണു വരുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ അഭിനയിച്ചിട്ടുണ്ട് ഐമ. ഇവർക്കും കഥയിൽ കാര്യമായ പ്രാധാന്യമുണ്ട്. എന്റെ സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായിട്ടുള്ള റോൾ ഉണ്ടാവും.  അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച്... വേണുക്കുട്ടൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. കോളനിയിൽ താമസിക്കുന്ന ഒരു കഥാപാത്രം. വേണുക്കുട്ടന്റെ ഫാമിലിക്കും അവരുടേതായ ഒരു കഥയുണ്ട്. വേണുക്കുട്ടന്റെ കഥയും സിനിമയുടെ ഭാഗം തന്നെയാണ്. ശ്രിന്റയാണ് വേണുക്കുട്ടന്റെ ഭാര്യ ലതയുടെ വേഷത്തിലെത്തുന്നത്. അനുപ് മേനോന്റെ വളരെ പ്രധാനമായ ഒരു ട്രാക്ക് കൂടി സിനിമയിൽ വരുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ സിനിമ കണ്ടുതന്നെയറിയണം.  ഈ സിനിമയുടെ മറ്റു വിശേഷങ്ങൾ..? ഉലഹന്നാൻ–ആനിയമ്മ എന്നിവരുടെ കഥയ്ക്കൊപ്പം മറ്റു ചില കഥകൾ കൂടി ഈ സിനിമയിലുണ്ട്. വേണുക്കുട്ടന്റെ കഥയുണ്ട്. കലാഭവൻ ഷാജോൺ ചെയ്യുന്ന മോനായിയുടെ കഥയുണ്ട്. അലൻസിയർ ചെയ്യുന്ന ജേക്കബ് ചേട്ടന്റെ കഥയുണ്ട്. അവരെല്ലാവരും കോളനിയിൽ താമസിക്കുന്ന ആളുകളാണ്. അവരെല്ലാവരും ആനിയമ്മയുടെയും ഉലഹന്നാന്റെയും ലൈഫിന്റെ ഭാഗം തന്നെയാണ്. എല്ലാ കഥകളെയും ഒന്നിച്ചുചേർത്തിരിക്കുന്നു. മോഹൻലാൽ, അനൂപ് മേനോൻ, ഷാജോൺ, അലൻസിയർ എന്നിവരുടെ കഥാപാത്രങ്ങൾ കോളനിയിൽ താമസിക്കുന്ന ആളുകളാണ്. എല്ലാ ദിവസവും ജോലിയൊക്കെ കഴിഞ്ഞു വൈകുന്നേരം ഇവർ ഒത്തുകൂടുന്നതും കാര്യങ്ങൾ പങ്കുവയ്ക്കുന്നതും അവരുടെ സൗഹൃദവുമെല്ലാം സിനിമയിൽ വളരെ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ... റൊമാന്റിക് സിനിമയാണോ..? ഈ സിനിമ കണ്ടുകഴിയുമ്പോഴേക്കും ഭാര്യാഭർത്താക്കന്മാരുടെ ഉള്ളിൽ പ്രണയം നിറയണം എന്ന് ആഗ്രഹിച്ച് എഴുതിയ ഒരു തിരക്കഥയാണിത്. ഉലഹന്നാന്റെയും ആനിയമ്മയുടെയും ഉള്ളിൽ എവിടെയൊക്കെയോ കിടന്നിരുന്ന പ്രണയത്തിന്റെ ഒരു തിരിച്ചെടുക്കൽ ഈ സിനിമയ്ക്കകത്തുണ്ട്. ആ തിരിച്ചെടുക്കൽ മിഡിൽ ഏജിലുള്ള ഒരു ഭർത്താവിന്റെയും ഭാര്യയുടെയും പ്രണയത്തെ അവർ റീടേക്ക് ചെയ്യുന്നു എന്നതാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഫാമിലി എന്റർടെയ്നറാണോ..? ഈ സിനിമയിൽ എല്ലാം പറയാൻ ശ്രമിച്ചിട്ടുള്ളതു വളരെ രസകരമായാണ്. നർമത്തിലൂടെയാണു പറയുന്നത്. തീർച്ചയായും ഹ്യൂമറിന്റെ മേമ്പൊടിയോടുകൂടി കാണാവുന്ന ഒരു സിനിമയായിരിക്കും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അതിനുള്ളിലൂടെ വളരെ സീരിയസായ കുറച്ചു കാര്യങ്ങൾ പറഞ്ഞുപോകുന്നുവെന്നുമാത്രം.  ഈ സിനിമയുടെ സംഗീതം, പാട്ടുകൾ..? നാലു പാട്ടുകളുണ്ട്. രണ്ടു സംഗീത സംവിധായകരാണ് ഈ സിനിമയ്്ക്ക്. എം.ജയചന്ദ്രനും ബിജിബാലും. ഇരുവരും രണ്ടുവീതം പാട്ടുകൾ ചെയ്തിരിക്കുന്നു. രണ്ടു പാട്ടുകൾ റഫീക് അഹമ്മദ് എഴുതിയിരിക്കുന്നു. ഒരു പാട്ട് ഡോ. മധു വാസുദേവനും മറ്റൊന്ന് ഡി.ബി. അജിത്കുമാറും എഴുതിയിരിക്കുന്നു. ബിജിബാലാണു പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. ഒരു പാട്ടു ഷിംലയിലും മറ്റൊരു പാട്ട് കുട്ടനാട്ടിലുമാണ് ചിത്രീകരിച്ചത്. മൈ ലൈഫ് ഈസ് മൈ വൈഫ്– അതാണല്ലോ ചിത്രത്തിന്റെ ടാഗ് ലൈൻ. അതുതന്നെയാവും സിനിമയുടെ സന്ദേശവും, അല്ലേ..? തീർച്ചയായും അതു തന്നെയാണ്. സിനിമ കണ്ടു കഴിയുമ്പോഴേക്കും കാണികൾ മൈ ലൈഫ് ഈസ് മൈ വൈഫ് എന്നു പറയണം എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. സിനിമയിലെത്തിയിട്ടു 13 വർഷം..? അതേ. 2003 ലാണ് ആദ്യപടം– പട്ടണത്തിൽ സുന്ദരൻ. അതാണു ഞാൻ കഥ, തിരക്കഥ, സംഭാഷണം എഴുതി പുറത്തിറങ്ങിയ ആദ്യ സിനിമ. 2001 ൽ രാജസേനന്റെ മേഘസന്ദേശത്തിനു കഥയുടെ ഒരു ത്രഡ് മാത്രം കൊടുത്തുവെന്നേയുള്ളൂ. 13 വർഷം, 10 സിനിമകൾ.. ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക്..? ഇപ്പോഴും മനസിൽ എഴുത്തു തന്നെയാണ്. സംവിധാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. മുന്തിരിവള്ളികളിലാവും ആദ്യമായി ഒരു കഥയിൽ നിന്ന് പ്രചോദനം നേടി അതിൽ നിന്നു പുതിയ കഥയൊരുക്കുന്നത്..? ഇതിനുമുമ്പും അങ്ങനെയൊന്നു ചെയ്തിട്ടുണ്ട്. ആശാപൂർണാദേവിയുടെ ഒരു ചെറുകഥയിൽ നിന്ന് പ്രചോദനം നേടിയാണു താപ്പാന ചെയ്തത്. ആശാപൂർണാദേവിയുടെ തടവിനുശേഷം എന്ന കഥയുടെ തുടക്കമെടുത്തശേഷം അതിൽനിന്നു രണ്ടു കഥാപാത്രങ്ങളെയെടുത്തു പുതിയ കഥയുണ്ടാക്കുകയായിരുന്നു.  കൂടുതൽ എഴുതിയിട്ടുള്ളതു കുഞ്ചാക്കോ ബോബനുവേണ്ടിയാവും അല്ലേ..? അതേ. നാലു പടങ്ങൾ. കുഞ്ചാക്കോ ബോബനു വേണ്ടി ഏറ്റവും കൂടുതൽ പടങ്ങൾ എഴുതിയിട്ടുള്ളതു ഞാനാണ്. ജലോത്സവം, എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും, രാജമ്മ @ യാഹു എന്നീ സിനിമകൾ.  കഥയിലേക്ക്, ത്രഡിലേക്ക് എത്തുന്നത് എങ്ങനെയാണ്..? എഴുത്തുകാരൻ കഥ അന്വേഷിച്ചു നടക്കുമ്പോൾ തന്നെ ചില കഥകൾ എഴുത്തുകാരനെ അന്വേഷിച്ചു നടക്കുകയും ചെയ്യാറുണ്ടെന്നു സാധാരണ പറയാറുണ്ട്. അതുപോലെയുള്ള ഒരു പ്രോസസുണ്ട് കഥയ്ക്കു പിന്നിൽ. നമ്മൾ അന്വേഷിക്കുമ്പോൾ കഥകൾ വരണമെന്നില്ല. പക്ഷേ, നമ്മുടെ ചുറ്റുപാടുകളിലെ ചിലയാളുകൾ ചില സമയം നമ്മുടെ അടുത്തുവന്ന് ഞാനൊരു കഥാപാത്രമല്ലേ എന്നു നമ്മളിൽ തോന്നിപ്പിക്കുകയാണ്.  ഉദാഹരണത്തിനു പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയ്ക്കു വേണ്ടി കഥ ആലോചിച്ചിരിക്കുമ്പോഴാണ് ചർച്ചകൾക്കായി ഞാൻ തങ്ങിയ ഹോട്ടലിന്റെ വരാന്തയിൽ ഒരാൾ ഒരു കുട്ടിയുമായി നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഞാൻ പോയി അയാളെ പരിചയപ്പെട്ടു. ഈ ഹോട്ടലിൽ താമസിക്കാൻ കാര്യമെന്തെന്നു ഞാൻ തിരക്കി. വയനാട്ടിൽ നിന്നു വന്ന ഒരു കൂലിപ്പണിക്കാരനാണ് ആ മനുഷ്യൻ. അയാളുടെ ഭാര്യയ്ക്കു തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ജോലികിട്ടി. കല്യാണത്തിനു മുമ്പ് എഴുതിയിരുന്ന ടെസ്റ്റാണ്. സെക്രട്ടേറിയറ്റിലായതിനാൽ ജോലിക്കു ട്രാൻസ്ഫറുമില്ല. ആദ്യമായി ഭാര്യ ജോലിക്കു പോയപ്പോൾ അയാൾ കുട്ടിയെയുമെടുത്ത് ഹോട്ടലിൽ കറങ്ങിനടക്കുകയാണ്. പെണ്ണിന്റെ അച്ഛൻ കൂടെ വന്നിട്ടുണ്ട്. അയാൾ സിറ്റിയിൽ വീടന്വേഷിച്ചു നടക്കുകയാണ്. പെട്ടന്നു ഞാൻ തീരുമാനിച്ചു. ഇതാണു സിനിമയുടെ കഥ. അങ്ങനെയാണു പട്ടണത്തിൽ സുന്ദരൻ ഉണ്ടാകുന്നത്. കഥ ആലോചിച്ചു നടക്കുമ്പോൾ ഒരു കഥാപാത്രം നമ്മുടെ മുമ്പിലേക്കു വരികയാണ്. ഇതുവരെ എഴുതിയവയിൽ സംതൃപ്തി നല്കിയ രചനകൾ..? പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും, പട്ടണത്തിൽ സുന്ദരൻ... ഇവയെല്ലാം എനിക്കിഷ്‌ടപ്പെട്ട സ്ക്രിപ്റ്റുകളാണ്.  മോഹൻലാലിനു വേണ്ടി എഴുതിയപ്പോൾ തോന്നിയതെന്താണ്...? എഴുത്തുകാരനെന്ന നിലയിൽ എഴുത്തിന്റെ സമയത്ത് എനിക്കു വലിയ സംതൃപ്തി നല്കിയ തിരക്കഥയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ലാലേട്ടനു വേണ്ടി എഴുതുന്നു എന്നു പറയുമ്പോൾത്തന്നെ ആ എഴുത്തിൽ നമ്മൾ കുറച്ചു കോൺഷ്യസ് ആകും. പിന്നെ, എഴുതുന്ന സമയത്ത് ആർക്കുവേണ്ടി എഴുതിയാലും എഴുത്തിന്റെ ഒരു ഇൻവോൾവ്മെന്റിൽ നമ്മളിലെ എഴുത്തുകാരന് എങ്ങനെ അതിനെ എഴുതാൻ പറ്റുന്നു എന്നതാണു കാര്യം. പ്രചോദനം പോലെതന്നെ എഴുത്തിൽ വെല്ലുവിളികളും ഉണ്ടാകുമല്ലോ...? അതു സ്വാഭാവികമായും എല്ലാ എഴുത്തിലും ഉണ്ടാകുമല്ലോ. നമ്മൾ വിചാരിക്കുന്നതുപോലെ എഴുതാനാവുക എന്ന വെല്ലുവിളി എഴുത്തു തുടങ്ങി തീരുന്നതുവരെ നമ്മുടെ മുമ്പിലുണ്ടാവും. കാരണം, ഒരു കഥയോ കവിതയോ എഴുതുന്നതു പോലെയല്ലല്ലോ തിരക്കഥയുടെ എഴുത്ത്. നർമത്തിലൂടെ കഥ പറയണമെന്ന് ആഗ്രഹിക്കുമ്പോൾ നർമത്തിലൂടെ അത് എഴുതി ഫലിപ്പിക്കുക എന്ന വെല്ലുവിളി നമുക്കു തുടക്കം മുതൽ തന്നെയുണ്ടാവും. അത് എല്ലാ തിരക്കഥകൾക്കും ഉണ്ടാകുന്നുണ്ട്.  സംവിധായകൻ ജിബു ജേക്കബിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...? പൂർത്തിയായ തിരക്കഥകൊടുക്കുക മാത്രമല്ല, ഞാൻ ഫുൾടൈം അദ്ദേഹത്തിനൊപ്പമുണ്ടാവുകയും ചെയ്തു. അദ്ദേഹത്തിന് എന്നോടു സംസാരിക്കാനും സംശയങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുമൊക്കെ ഞാൻ എപ്പോഴും കൂടെയുണ്ടായിരുന്നു. സിനിമ ഒരു ടീംവർക്കാണ്. പരസ്പരമുള്ള സൗഹൃദവും സ്നേഹവുമെല്ലാം സിനിമയുടെ ഒരുമിച്ചുള്ള പോക്കിന് ആവശ്യമാണ്. അതെല്ലാം ഈ സിനിമയിലും ഉണ്ടായിരുന്നു. ഈ സിനിമിയിൽ മോഹൻലാലിന്റെ പങ്കാളിത്തം എത്രത്തോളം...? ലാലേട്ടൻ അദ്ദേഹത്തിന്റേതായ രീതിയിൽ ഈ സിനിമ പൂർണമായും ഉൾക്കൊണ്ടുതന്നെയാണു ചെയ്തത്. ഉലഹന്നാനെ വളരെ കൃത്യമായി മനസിൽ കൊണ്ടുനടന്നുതന്നെയാണു ചെയ്തത്. ഉലഹന്നാനു ലാലേട്ടനിൽ നിന്ന് ഒരുപാടു നല്ല കോൺട്രിബ്യൂഷൻസ് ഉണ്ടായിട്ടുണ്ട്. ലാലേട്ടന്റെ പെർഫോമൻസിൽ ഇംപ്രോവൈസേഷൻസ് തീർച്ചയായും ഉണ്ടായിട്ടുണ്ട്. ലാലിന്റെ ഇംപ്രോവൈസേഷനിൽ എഴുതിവച്ചതിനു മുകളിലേക്കു സീൻ പോകുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  അടുത്ത പ്രോജക്ടുകൾ...? അടുത്തതായി ഒരു സ്ത്രീകേന്ദ്രീകൃതവിഷയം എഴുതാനുള്ള തയാറെടുപ്പിലാണ്. കമ്മട്ടിപ്പാടം ചെയ്ത ഗ്ലോബൽ യുണൈറ്റഡ് മീഡിയ എന്ന കമ്പനിക്കുവേണ്ടിയാണു ചെയ്യുന്നത്. അതിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. എഴുത്തു തുടങ്ങി. ശക്‌തമായ ഒരു സ്ത്രീപക്ഷ സിനിമ ആകുമെന്നു വിചാരിക്കുന്നു. എൽസമ്മയ്ക്കു ശേഷം ഒരു പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന സിനിമയാണത്. എൽസമ്മ പോലെ ഒരു ഫീമെയിൽ ഓറിയന്റഡ് സബ്ജക്ട്.  കൂടുതൽ പടങ്ങൾ ചെയ്തതു ലാൽ ജോസിനൊപ്പമാണല്ലോ...? ലാലുമായി കുറേ പടങ്ങൾ ചെയ്തു. അതു സൗഹൃദത്തിന്റെ കൂടെയുള്ള യാത്രയാണ്. ഇപ്പോൾ എഴുതിത്തുടങ്ങിയ ഫീമെയിൽ ഓറിയന്റഡ് സബ്ജക്ടിനുശേഷം എഴുതുന്നതും ലാൽജോസിനു വേണ്ടിയാണ്. വീട്ടുവിശേഷങ്ങൾ..? വൈക്കം കുടവെച്ചൂരാണു വീട്. ഞാൻ എറണാകുളത്താണു താമസിക്കുന്നത്. എഴുത്തൊക്കെ എറണാകുളത്തെ ഫ്ളാറ്റിലാണ്. ഭാര്യ ഷാജ ഷൈൻ. ഹോമിയോ ഡോക്ടറാണ്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നു. രണ്ടു പെൺകുട്ടികൾ; കല്യാണിയും ജാനകിയും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
അമൃതവർഷിണി തുടരും
|
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
|
|
|
|
റോക്കിംഗ് റാണിയ
|
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
|
|
|
|
നിസംശയം പ്രിയംവദ
|
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
|
|
പറന്നുയർന്ന് ലൗലി
|
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
|
|
916 പക്രൂട്ടൻ
|
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
|
|
തുടരും ലാൽ വൈബ്
|
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
|
|
|
പിക്നിക്ക് @ 50
|
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
|
|
മധുരമനോജ്ഞം
|
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
|
|
|
|
ഒസ്യത്തിന്റെ ശക്തി
|
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
|
|
ഇടിപൊളി ദാവീദ്
|
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
|
|
മിന്നും ലിജോ
|
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|