Friday, March 31, 2023 11:10 PM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിനെയോ പാർട്ടിയെയോ മതത്തെയോ അനുകൂലിച്ചോ, വിമർശിച്ചോ പത്രത്തിലോ സമൂഹമാധ്യമങ്ങളിലോ എഴുതിയാൽ ഏറ്റവും വേഗത്തിൽ വിദ്വേഷത്തിന്റെ ഇരയാകാം എന്നതു പുതിയ തിരിച്ചറിവല്ല. രാഷ്ട്രീയവും മതവും തലയ്ക്കുപിടിച്ച ഇന്ത്യക്കാർക്കു സ്വന്തം പാർട്ടിയും നേതാവും മതവും കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളൂ. വസ്തുത, യാഥാർഥ്യം, സത്യം തുടങ്ങിയവ എഴുതിയാൽ അതിന്റെ ശരിയേതെന്നു നോക്കാതെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണു കൂടുതൽ.
രാഷ്ട്രീയത്തിൽ നേതാക്കൾ ഏകാധിപതികളെപ്പോലെ ഭരിക്കാനും തോന്ന്യാസം ചെയ്യാനും കാരണം അന്ധമായി വിശ്വസിക്കുന്ന പ്രവർത്തകരും അനുയായികളുമാണ്. കോർപറേറ്റ് കുത്തകകൾക്ക് അനുകൂലവും സാധാരണക്കാരെ ഞെക്കിപ്പിഴിയുന്നതുമായ നികുതിനിരക്കുകളും നിയമനിർമാണങ്ങളും നടപ്പാക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. മതവും ജാതിയും ഭക്ഷണവും വസ്ത്രവും മുതൽ പലതിലും വിഭാഗീയത, വർഗീയത, വിദ്വേഷം, വെറുപ്പ്, പ്രാദേശികത തുടങ്ങിയവ കലർത്തി ജനങ്ങളെ കബളിപ്പിച്ചു മുതലെടുക്കാൻ രാഷ്ട്രീയക്കാർക്കും പ്രത്യേകിച്ച് ഭരിക്കുന്നവർക്കും കഴിയുന്നു.
കർണാടകയിൽ കർട്ടനുയരും
കർണാടകയിൽ മേയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകും. ഈ വർഷാവസാനം നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ. ഛത്തീസ്ഗഡ്, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കർട്ടൻ റെയ്സർ കൂടിയാണു കർണാടകം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലുകളാണു ഫലത്തിൽ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്.
രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കും പരീക്ഷണങ്ങൾക്കും മാറ്റങ്ങൾക്കും വേദിയാണ് എപ്പോഴും കർണാടകം. തുടർഭരണമെന്നത് നാലു പതിറ്റാണ്ടോളമായി കർണാടകയിൽ ഉണ്ടായിട്ടില്ല. തനിയാവർത്തനമാണോ, ചരിത്രം തിരുത്തുമോ എന്നറിയാൻ വോട്ടെണ്ണുന്ന മേയ് 13 വരെ കാത്തിരിക്കാം. ദേശീയ പാർട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന മത്സരം. എച്ച്.ഡി ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും ജെഡി-എസും മത്സരരംഗത്തുണ്ട്.
കോളടിച്ച് കോണ്‍ഗ്രസ്
‘ഉർവശീ ശാപം ഉപകാരമായി’ എന്നതുപോലെയാണ് കോണ്‍ഗ്രസിന് അടുത്തിടെയുള്ള പല സംഭവങ്ങളും. അപകീർത്തിക്കേസിൽ രാഹുൽഗാന്ധിയെ ഗുജറാത്തിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് പരമാവധി ശിക്ഷ നൽകിയതും റോക്കറ്റ് വേഗത്തിൽ പിറ്റേന്നുതന്നെ രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതും കോണ്‍ഗ്രസിന് വീണുകിട്ടിയ ലോട്ടറിയാണ്. അവസരം പരമാവധി മുതലാക്കാൻ ഈ മാസാവസാനം വരെ നീളുന്ന തുടർ പ്രതിഷേധ പരിപാടികളാണ് എഐസിസി പ്രഖ്യാപിച്ചത്.
കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണു രാഹുലിന് ലോക്സഭാംഗത്വം നഷ്ടമാക്കിയതെന്നതു കർണാടക തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം തിരികെ നൽകാനുള്ള കാലതാമസവും ബോധപൂർവമായിരുന്നു. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരടക്കം കള്ളന്മാരുടെയെല്ലാം പേര് മോദി എന്നു പറഞ്ഞതിന്റെ പേരിൽ ക്ഷമാപണം നടത്തില്ലെന്നും പോരാടുമെന്നുമുള്ള രാഹുലിന്റെ ഉറച്ച നിലപാട് അദ്ദേഹത്തിന് കരുത്തന്റെ പ്രതിച്ഛായ നൽകി. എതിർശബ്ദങ്ങളെ നിശബ്ദമാക്കാനാണു രാഹുലിനെ ലോക്സഭയിൽനിന്നു പുറത്താക്കിയതെന്ന കോണ്‍ഗ്രസ് പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചേക്കും.
ഭാരത് ജോഡോ യാത്രയിലൂടെ പുതിയ പ്രതിച്ഛായ നേടിയ രാഹുൽ പഴയ രാഹുൽ ആകില്ലെന്ന് മോദിക്കും തീർച്ചയുണ്ട്. മോദിയെ വെല്ലുവിളിക്കാൻ കഴിയുന്ന കരുത്തനായ നേതാവാക്കി രാഹുലിനെ മാറ്റിയതിൽ മോദിക്കും ബിജെപിക്കുമാകും കോണ്‍ഗ്രസ് നന്ദി പറയുക. ഭിന്നിച്ചു നിന്നിരുന്ന പ്രതിപക്ഷപാർട്ടികൾ രാഹുലിന്റെ അയോഗ്യതാ പ്രശ്നത്തിൽ അത്യപൂർവമായ ഒത്തൊരുമ പ്രകടമാക്കിയതും മോദിയുടെ ഉറക്കം കെടുത്തും. ഫലത്തിൽ പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുലും നേരിട്ടു മാറ്റുരയ്ക്കുന്ന തെരഞ്ഞെടുപ്പാകും കർണാടകയിലേത്.
കന്നഡപ്പോരിനായി എല്ലാം മറന്ന്
അദാനി-മോദി ബന്ധം ഉയർത്തി ബിജെപിയെ പ്രതിരോധത്തിലാക്കാൻ ഒരുപരിധി വരെ കോണ്‍ഗ്രസിന് കഴിഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരിടുന്ന വെല്ലുവിളികൾ ഉയർത്തി ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം മുതൽ പലതും വേറെയുമുണ്ട്. അതിർത്തിയിലെ ചൈനയുടെ കൈയേറ്റം പോലും മറന്നാകും കോണ്‍ഗ്രസ് ഇവ പ്രചാരണവേളയിൽ കൊണ്ടുവരിക.
ഡബിൾ എൻജിൻ സർക്കാരെന്ന മോഹനവാഗ്ദാനവും നരേന്ദ്രമോദിയുടെ പ്രതിച്ഛായയുമാണ് ബിജെപിക്കു പ്രതീക്ഷ. അടുത്തയിടെ ഉദ്ഘാടനം ചെയ്ത ബംഗളൂരു-മൈസൂരു ദേശീയപാത അടക്കമുള്ള വികസനപദ്ധതികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളും ബിജെപി പ്രചാരണായുധമാക്കും. രാഹുലിനും കോണ്‍ഗ്രസിനുമെതിരേ കുടുംബവാഴ്ചയെന്ന പതിവ് ആരോപണവും ഉയർത്തുന്നുണ്ട്. രാഹുലിന്റെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെതിരേയും ബിജെപി പ്രചാരണം നടത്തും.
കൊഴിഞ്ഞുപോക്കിൽ ഉലഞ്ഞ്
കന്നഡ നാട്ടിലെ മത്സരം ചൂടുപിടിക്കുന്നതിനുമുന്പേ ബിജെപിക്കും ജെഡി-എസിനും തിരിച്ചടികൾ കിട്ടിയതു യാദൃച്ഛികമാകുമോ? ബിജെപിയുടെ കുച്ഛിഗി എംഎൽഎ എൻ.വൈ. ഗോപാലകൃഷ്ണ നിയമസഭാംഗത്വം ഇന്നലെ രാജിവച്ചതു സൂചനയാണ്. ഗോപാലകൃഷ്ണ കോണ്‍ഗ്രസിലേക്കാണ് ചേക്കേറുന്നത്. മുതിർന്ന നേതാക്കളായ ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും കണ്ടു ചർച്ച നടത്തിയശേഷമായിരുന്നു രാജി. തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി നേതാക്കളാണ് ബിജെപി, ജെഡി-എസ് പാർട്ടികൾ വിട്ട് കോണ്‍ഗ്രസിലേക്കു കുടിയേറുന്നത്.
തുമകുരു റൂറൽ മണ്ഡലത്തിലെ ജെഡി-എസ് എംഎൽഎ ഡി.സി. ഗൗരി ശങ്കറിനെ കർണാടക ഹൈക്കോടതി അയോഗ്യനാക്കിയതാണ് മറ്റൊരു സംഭവം. 2018ലെ തെരഞ്ഞെടുപ്പിൽ വ്യാജ ഇൻഷ്വറൻസ് ബോണ്ടുകൾ ഉപയോഗിച്ചു വോട്ടർമാരെ ഗൗരി ശങ്കർ പ്രലോഭിപ്പിച്ചതായുള്ള ബിജെപി സ്ഥാനാർഥി സുരേഷ് ഗൗഡയുടെ പരാതി ശരിവച്ചാണു ഹൈക്കോടതി വിധി.
അടിമുടി അഴിമതി
അഴിമതിതന്നെയാകും കർണാടക തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചവിഷയം. ഖനി, റിയൽ എസ്റ്റേറ്റ്, നിർമാണ, മദ്യ, വിദ്യാഭ്യാസ, ആരോഗ്യ മാഫിയകൾ അരങ്ങുവാഴുന്ന കർണാടകയിൽ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം പുതിയതല്ല. നേതാക്കളുടെ അഴിമതിയും അമിത സന്പത്തും അവിഹിത ഡീലുകളുമെല്ലാം കർണാടക രാഷ്ട്രീയത്തെ മലീമസമാക്കിയിട്ടു കാലങ്ങളായി.
ഒറ്റയടിക്ക് 8.02 കോടി രൂപയുടെ അഴിമതിപ്പണം പിടിച്ച കേസിൽ ബിജെപി എംഎൽഎ മദൽ വിരൂപാക്ഷയും മകനും അറസ്റ്റിലായതിനു പിന്നാലെയാണ് എംഎൽഎയുടെ രാജിയും ചേരിമാറ്റവും. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ സർക്കാരുകൾക്കെതിരേ 40 ശതമാനം കമ്മീഷൻ സർക്കാരെന്ന ആരോപണം പ്രതിപക്ഷം മൂപ്പിച്ചതിനിടയിലാണു ബിജെപി എംഎൽഎയെയും മകനെയും അഴിമതിക്ക് കൈയോടെ ലോകായുക്ത പിടികൂടിയത്.
കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ 500 രൂപയുടെ നോട്ടുകൾ എറിഞ്ഞുകൊടുക്കുന്ന വീഡിയോ പ്രചരിച്ചത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്. റെഡ്ഡി സഹോദരന്മാരും യെദിയൂരപ്പയും മാത്രമല്ല ഡി.കെ. ശിവകുമാറും കുമാരസ്വാമിയുമടക്കം മൂന്നു പ്രധാന പാർട്ടികളിലെയും പ്രബല നേതാക്കൾ പണക്കളികളിൽ മത്സരിക്കുന്നു. ആരുടെയും കൈകൾ ശുദ്ധമല്ലെങ്കിലും അഴിമതി കാര്യത്തിൽ ബിജെപിയുടെ മുഖമാണു കർണാടകയിൽ വികൃതമായത്.
സംവരണം സങ്കീർണമാക്കും
സംവരണ കാർഡിലാണ് ഇത്തവണ ബിജെപിയുടെ ഞാണിന്മേൽ കളി. പിന്നാക്ക ക്വോട്ടയിലെ നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കിയ നടപടി കൃത്യമായ വർഗീയ ധ്രുവീകരണമാണു ലക്ഷ്യമിടുന്നത്. പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കാണ് മുസ്ലിംകൾക്കായി സംവരണം ചെയ്തിരുന്ന നാലു ശതമാനം തുല്യമായി വീതിച്ചു നൽകിയത്. മുസ്ലിംകളെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലാക്കിയതും പട്ടികജാതി വിഭാഗത്തിലെ വിവിധ സമുദായങ്ങൾക്കു പ്രത്യേകം സംവരണം നിശ്ചയിച്ചതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ രൂപമാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായിരുന്നു ബിജെപി സർക്കാരിന്റെ സംവരണ തീക്കളി.
സംവരണ വിവാദത്തിനു മുന്പായിത്തന്നെ ഹിജാബ്, ഹലാൽ, ടിപ്പു സുൽത്താൻ, തീവ്രവാദം, മതപരിവർത്തനം എന്നിവ മുതൽ ഈദ് മൈതാനികളും വരെ പലതും ഉയർത്തിയാണ് ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി ഉയർത്തിക്കൊണ്ടുവന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനം മേന്പൊടിയായി. കോണ്‍ഗ്രസിനെതിരേ ന്യൂനപക്ഷ പ്രീണനം ബിജെപി ആരോപിക്കുന്പോൾ, ബിജെപിക്കെതിരേ ഭൂരിപക്ഷ പ്രീണനമാണു കോണ്‍ഗ്രസിന്റെ ആരോപണം.
ഒരുപോലെ നിർണായകം
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും അതീവ നിർണായകമാണ്. ദളിത് നേതാവായ ഖാർഗെയെ എഐസിസി അധ്യക്ഷനാക്കിയതു ദളിത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് മോഹിക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.
അഭിപ്രായ സർവേകളിൽ കോണ്‍ഗ്രസിനാണു മേൽക്കൈ. എങ്കിലും ബിജെപി ഉശിരൻ പോരാട്ടത്തിലാണ്. ശക്തികേന്ദ്രങ്ങളിൽ കരുത്തുകാട്ടാൻ ജെഡി-എസും ശ്രമിക്കുന്നു. തൂക്കു സഭയുണ്ടായാൽ വിലപേശി നേട്ടം കൊയ്യാമെന്നു ജെഡി-എസ് കരുതുന്നു. എഎപി, സിപിഎം, സിപിഐ, ജനാർദന റെഡ്ഡിയുടെ കല്യാണരാജ പ്രഗിത പക്ഷ പാർട്ടി, ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ പാർട്ടികളെല്ലാം ചില മണ്ഡലങ്ങളിലെങ്കിലും നിർണായകമാകും.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, വ്യവസായ- ബിസിനസ് തളർച്ച, സാന്പത്തിക ഞെരുക്കം, കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ തുടങ്ങിയ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പതിവുപോലെ പിന്നിലാകും. കർണാടക പിടിക്കാൻ ബിജെപിയും കോണ്‍ഗ്രസും പതിനെട്ടടവും പയറ്റുന്പോൾ തീ പാറുന്ന പോരാട്ടം ഉറപ്പ്.