തീ കൊളുത്തുവാൻ അറിയാവുന്നതുകൊണ്ടുമാത്രം
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, August 16, 2025 9:35 PM IST
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാക്ക് ലണ്ടൻ (1876-1916). സയൻസ് ഫിക്ഷനിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാക്ക് ലണ്ടൻ (1876-1916). സയൻസ് ഫിക്ഷനിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
മനുഷ്യന്റെ സാഹസികജീവിതവും, പ്രകൃതിയുമായി അവൻ നടത്തുന്ന പോരാട്ടങ്ങളും ശക്തമായ ഭാഷയിൽ വരച്ചുകാട്ടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കഥയാണ് "ടു ബിൽഡ് എ ഫയർ'. "ഒരു തീ കൊളുത്താൻ' എന്ന അർഥം വരുന്ന ഈ കഥയുടെ പശ്ചാത്തലം 1890കളിലെ ഗോൾഡ് റഷ് ആണ്.
കാനഡയുടെ വടക്കുപറിഞ്ഞാറൻ ഭാഗത്തുള്ള യൂക്കോണ് നദിക്കു സമീപം സ്വർണം കണ്ടെത്തിയപ്പോൾ അതിൽ കുറേ കൈക്കലാക്കാൻ ഒരുലക്ഷത്തോളംപേർ പലപ്പോഴായി അവിടേക്കു സാഹസികയാത്ര നടത്തിയതായി കണക്കാക്കപ്പെടുന്നു. എന്നാൽ അവരിൽ പകുതിയോളംപേർ മാത്രമേ അതിപ്രതികൂലമായ കാലാവസ്ഥയെ മറികടന്ന് അവിടെ എത്തിയുള്ളുവത്രേ. അത്രമാത്രം ശക്തമായ തണുപ്പും പ്രതികൂല സാഹചര്യങ്ങളുമായിരുന്നു അവർ നേരിട്ടത്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ പേരില്ലാത്ത കഥാപാത്രം നദിക്കരികിലുള്ള ഒരു ക്യാന്പിലേക്ക് യാത്രതിരിച്ചയാളാണ്. മനുഷ്യരാരും കൂട്ടില്ലാതെ, ഒരു നായയോടൊപ്പമായിരുന്നു അയാളുടെ യാത്ര. മുന്പ് യൂക്കോണ് നദീതീരത്തേക്കു യാത്രചെയ്തിട്ടുള്ള ഒരാൾ ഈ യാത്ര ഏറെ നിരുത്സാഹപ്പെടുത്തിയിരുന്നു.
അപകടകരമായ ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുകയാണെങ്കിൽ ഒരാളെങ്കിലും കൂട്ടിനുണ്ടാകണമെന്ന് അയാൾ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അതെല്ലാം അവഗണിച്ച് കഥാനായകൻ യാത്രപുറപ്പെടുകയായിരുന്നു. അപ്പോൾ സീറോ ഡിഗ്രിക്ക് അന്പതുശതമാനം താഴെയായിരുന്നു താപനില. യാത്രയുടെ തുടക്കത്തിൽ വലിയ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ മുന്നോട്ടുപോകുംതോറും പ്രശ്നങ്ങൾ കൂടിക്കൂടിവന്നു.
അങ്ങനെയാണ് ഒരിടത്തുവച്ച് മഞ്ഞുകട്ടകൾക്കടിയിലുള്ള വെള്ളത്തിൽ അയാൾ വീഴാനിടയായത്. അതോടെ മുട്ടുവരെയുള്ള വസ്ത്രങ്ങൾ നനഞ്ഞു. ആ വസ്ത്രങ്ങൾ അതിവേഗം ഉണക്കിയെടുക്കുന്നില്ലെങ്കിൽ കൊടുംതണുപ്പുമൂലം അതു വലിയ അപകടംവരുത്തിവയ്ക്കും. ഇതു മനസിലാക്കി അയാൾ തീകൂട്ടുവാൻ ശ്രമിച്ചു. അതു വിജയിച്ചെങ്കിലും മരച്ചില്ലകളിൽനിന്നു മഞ്ഞുകട്ടകൾ വീണ് ആ തീ പെട്ടെന്ന് അണഞ്ഞുപോയി.
പിന്നീട് തീപിടിപ്പിക്കുവാൻ അയാൾക്കു സാധിച്ചില്ല. അയാളുടെ കൈവിരലുകൾ അനക്കാൻ പറ്റാത്തവിധം മരവിച്ചുപോയിരുന്നു. അപ്പോൾ തന്റെ കൂടെയുള്ള നായയെ കൊന്ന് അതിന്റെ രക്തത്തിൽ കൈകൾ മുക്കി അവ ചൂടുപിടിപ്പിക്കാൻ അയാൾ ആലോചിച്ചു. അയാളുടെ മനോഗതി മനസിലാക്കിയ നായ അയാൾക്കു പിടികൊടുക്കാതെ അകന്നുനിന്നു.
അധികം താമസിയാതെ കൊടുംതണുപ്പ് അയാളുടെ ജീവൻ കാർന്നുതിന്നു. നായയാകട്ടെ, മനുഷ്യവാസമുള്ള ദിക്കുതേടി അവിടെനിന്ന് ഓടിയകലുകയും ചെയ്തു. അതോടെ കഥ അവസാനിക്കുന്നു. എന്താണ് ഈ കഥ നമ്മെ അനുസ്മരിപ്പിക്കുന്നുത്? പ്രകൃതി മനുഷ്യന് ഇനിയും കീഴടങ്ങിയിട്ടില്ലെന്നോ? തീർച്ചയായും അങ്ങനെയൊരു സന്ദേശം ഈ കഥയിലുണ്ട്.
അതായത്, മനുഷ്യൻ എത്ര സാഹസികനായാലും ഒരു പരിധിക്കപ്പുറം പ്രകൃതിയെ കീഴടക്കാനാവില്ലെന്നു സാരം. എന്നാൽ, ഇവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യം മറ്റൊന്നാണ്. കടുത്ത ശൈത്യകാലത്ത് യൂക്കോണ് പ്രദേശത്തുകൂടി ഒറ്റയ്ക്കു യാത്രതിരിക്കുന്നത് അപകടകരമായിരിക്കുമെന്ന് പരിചയസന്പന്നനായ ഒരു വയോധികൻ മുന്നറിയിപ്പു നൽകിയിരുന്നതാണ്.
എന്നിട്ടും തന്റെ കഴിവിലും സാമർഥ്യത്തിലും അമിതമായി വിശ്വസിച്ചിരുന്ന കഥാനായകൻ ആ ഉപദേശം ചെവിക്കൊണ്ടില്ല. തണുപ്പ് എത്ര കൂടിയാലും തനിക്ക് തീ കൊളുത്തി രക്ഷപ്പെടാമെന്നായിരുന്നു അയാളുടെ ധാരണ. തെറ്റായ ആ ധാരണ അയാളുടെ മരണത്തിനു വഴിയൊരുക്കി. ജീവിതത്തിലെ പല അപകടങ്ങളും പരാജയങ്ങളും നാം പലപ്പോഴും മുൻകൂട്ടി കാണുന്നില്ലെന്നതാണ് വാസ്തവം.
അതിന്റെ കാരണം നമുക്കു മുന്പേ നടന്നുപോയവരുടെ അനുഭവങ്ങളിൽനിന്നു പാഠംപഠിക്കാൻ നാം വിസമ്മതിക്കുന്നു എന്നതാണ്. അറിവും അനുഭവസന്പത്തുമുള്ളവരുടെ വാക്കുകൾ അവഗണിക്കുന്നത് തയാറെടുപ്പില്ലാതെ ദുർഘടമായ ഒരു യാത്രപോകുന്നതിനു തുല്യമാണ്. സ്പെയിനിൽ ജനിച്ച അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ ജോർജ് സൻറ്റായന പറയുന്നു:
""ഭൂതകാലം വിസ്മരിക്കുന്നവർ ആ കാലത്തെ തെറ്റുകൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു''. നമുക്കു നല്ല വിദ്യാഭ്യാസവും അറിവും ഉണ്ടായേക്കാം. എന്നാൽ അനുഭവസന്പത്തുള്ളവരുടെ ഉപദേശം കേൾക്കാൻ നാം വിമുഖരാകരുത്. നമ്മുടെ ജീവിതയാത്രയിൽ അത് ഏറെ സഹായിക്കുകതന്നെചെയ്യും.
ദൈവവചനം പറയുന്നു: ""മാർഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും. ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽ സുരക്ഷിതത്വമുണ്ട്'' (സുഭാഷിതങ്ങൾ 11:14). തന്മൂലമാണ് ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ സി.എസ്. ലൂവിസ് എഴുതിയത്- "സ്വയം ജ്ഞാനിയായിരിക്കുവാൻ മെച്ചപ്പെട്ട കാര്യം ജ്ഞാനികളായവരുടെകൂടെ ജീവിക്കുക എന്നതാണ്.”
ജ്ഞാനം എന്നുപറയുന്നത് വെറും അറിവല്ല. അത് അനുഭവത്തിന്റെ കണ്ണടവഴി ലഭിക്കുന്ന അറിവുകൂടിയാണ്. അറിവും ശരിയായ അനുഭവസന്പത്തുമുള്ളവരുടെ ഉപദേശത്തിന് നാം ചെവികൊടുക്കണം. അതൊരു പോരായ്മയായി കരുതരുത്. നേരേമറിച്ച് അത് വിവേകത്തിന്റെയും വിനയത്തിന്റെയും ലക്ഷണമായി നാം കാണണം.
മനുഷ്യരുടെ മാർഗനിർദേശം ജീവിതയാത്രയിൽ നമ്മെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ, അതിലേറെ നാം ആശ്രയിക്കേണ്ടതു ദൈവം നമുക്കുനൽകുന്ന മാർഗനിർദേശത്തിലാണ്. ദൈവവചനം പറയുന്നു: ""കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. നിന്റെ ബുദ്ധിയിൽ നീ ആശ്രയിക്കേണ്ട. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്നു നിനക്കു വഴിതെളിച്ചുതരും'' (സുഭാഷിതങ്ങൾ 3:5-6).
ദൈവം എപ്പോഴും വഴിതെളിച്ചുതരുമെന്ന ബോധ്യം സങ്കീർത്തകനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീർത്തനങ്ങൾ 118:105).
ദൈവം നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാനിടയാകില്ല. എന്നുമാത്രമല്ല, മാനുഷിക പോരായ്മമൂലം നമ്മുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും എന്തെങ്കിലും കുറവുകളുണ്ടായാൽപ്പോലും ദൈവം അവ പരിഹരിക്കുമെന്നും തീർച്ചയാണ്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ നായകന്റെ അനുഭവം നമുക്കൊരു പാഠമാകട്ടെ. നാം എത്ര മിടുക്കരാണെങ്കിലും നമുക്കു പോരായ്മകളുമുണ്ടെന്നു മറക്കാതിരിക്കാം. ജീവിതയാത്രയിൽ മറ്റുള്ളവരുടെയും അതിലുപരി ദൈവത്തിന്റെയും മാർഗനിർദേശങ്ങൾ നമുക്ക് ആവശ്യമാണ്. കാരണം, അതുകൂടാതെ ഈ ലോകത്തിലും പരലോകത്തിലും നമുക്കു വിജയം നേടാനാകില്ല.