കരിനിലം-പശ്ചിമ-കൊട്ടാരംകട റൂട്ടിൽ യാത്രാദുരിതം വർധിക്കും
1547041
Thursday, May 1, 2025 12:15 AM IST
മുണ്ടക്കയം: കരിനിലം-പശ്ചിമ- കൊട്ടാരംകട വഴിയുള്ള അവസാന ബസ് സർവീസും നിർത്താൻ ഒരുങ്ങുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണം വൈകുന്നതാണ് ബസ് സർവീസ് നിലയ്ക്കുവാൻ കാരണമാകുന്നത്. വർഷങ്ങൾക്കുമുമ്പ് ഈ മേഖലയിലേക്കു കെഎസ്ആർടിസി ഉൾപ്പെടെ 12 ഓളം ബസ് സർവീസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അവശേഷിക്കുന്നതു മൂന്ന സർവീസുകൾ മാത്രമാണ്.
മെയിന്റനൻസിന്
തികയില്ല
ഓടിക്കിട്ടുന്ന തുക ബസിന്റെ മെയിന്റനൻസിനുപോലും തികയാത്ത സാഹചര്യമാണെന്നു ബസ് ഉടമ പറയുന്നു. റോഡ് തകർന്നതോടെ ഒട്ടുമിക്ക ബസ് സർവീസുകളും നിർത്തി. എന്നാൽ, മേഖലയിലെ ആളുകളുടെ യാത്ര ദുരിതത്തിലാകുമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ചുമാത്രമാണ് നിലവിൽ ബസ് സർവീസ് നടത്തുന്നതെന്ന് ഇവർ പറയുന്നു.
നിലവിലുള്ള ബസ് സർവീസ് കൂടി നിലച്ചാൽ ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ ആളുകളുടെ യാത്രാ ദുരിതം ഇരട്ടിയാകും. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളും ദുരിതത്തിലാകും.
എല്ലാം ജലരേഖ
ശബരിമല തീർഥാടകർക്കടക്കം എളുപ്പത്തിൽ കുഴിമാവിൽ എത്തിച്ചേരാവുന്ന റോഡാണ് കരിനിലം -പശ്ചിമ - കൊട്ടാരംകട - കുഴിമാവ് റോഡ്. വർഷങ്ങൾക്കുമുമ്പ് റോഡിന്റെ നവീകരണത്തിനു തുക അനുവദിച്ച് ടെൻഡർ ക്ഷണിച്ചു കരാർ ഏറ്റെടുത്തു.
എന്നാൽ, കരാറുകാരൻ തട്ടിക്കൂട്ട് പണി നടത്തി കുറച്ചു ബില്ലും മാറിയെടുത്തു. പിന്നീട് ഈ റോഡിലേക്കുതിരിഞ്ഞുപോലും നോക്കിയില്ല. കാലങ്ങൾ കഴിഞ്ഞതോടെ റോഡ് തകർന്നു തരിപ്പണമായി. പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതികളും രംഗത്തെത്തി. ഇതോടെ പുതുക്കിയ തുക അനുവദിച്ചെന്നും ഉടൻ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അധികാരികൾ വാഗ്ദാനം നൽകി.
എന്നാൽ, ഒന്നും നടന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി ഉണ്ടാക്കി റോഡിൽ നാളികേരമുടയ്ക്കൽ അടക്കമുള്ള വ്യത്യസ്തങ്ങളായ നിരവധി സമര പരിപാടികൾ ആവിഷ്കരിച്ചു. ഇതോടെ ഏപ്രിൽ മാസത്തിനുള്ളിൽ റോഡിന്റെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ സമരസമിതിക്ക് ഉറപ്പു നൽകി. എന്നാൽ, എല്ലാ ജലരേഖയായി. ഇതുവരെയും റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കുവാൻ കഴിഞ്ഞില്ല.
ഇതോടെയാണ് ഇപ്പോൾ നിലവിലുണ്ടായിരുന്ന ബസ് സർവീസ് കൂടി നിർത്തുവാൻ ബസ് ഉടമകൾ നിർബന്ധിതരായിരിക്കുന്നത്.
സമരം ശക്തമാക്കും
നിരവധി തവണ വാഗ്ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്നു സമരസമിതി കുറ്റപ്പെടുത്തുന്നു. നാട്ടിലെ മറ്റെല്ലാ റോഡുകളും നവീകരിക്കുമ്പോഴും നാലുവർഷത്തിലധികമായി തകർന്നു കിടക്കുന്ന ഈ റോഡിനോട് അധികാരികൾ കാണിക്കുന്ന അവഗണനയ്ക്കെതിരേ പ്രതിഷേധം ശക്തമാക്കുവാനാണ് സമരസമിതിയുടെ തീരുമാനം.