തുടര്‍ച്ചയായി ഹാജരായില്ല; പാലാ നഗരസഭാ കൗണ്‍സിലറെ അയോഗ്യയാക്കി
1594680
Thursday, September 25, 2025 11:41 PM IST
പാലാ: നഗരസഭ 13 ാം വാര്‍ഡ് കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയും സിപിഐയുടെ ഏക അംഗവുമായിരുന്ന ആര്. സന്ധ്യയെ കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് അയോഗ്യയാക്കി. ആര്.സന്ധ്യ വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് പോകുന്നതിന് 2024 സെപ്റ്റംബര്‍ മൂന്നിന് മൂന്ന് മാസത്തേക്ക് അവധിക്ക് കൊടുത്ത അപേക്ഷ കൗണ്‍സില്‍ അനുവദിച്ചിരുന്നു.
തിരികെ വരുന്നതിന് താമസം നേരിടുന്നതിനാല്‍ 2024 ഫെബ്രുവരി രണ്ട് വരെ അവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷയും കൗണ്‍സില്‍ അനുവദിച്ചിരുന്നു. 2025 ഫെബ്രുവരി 12 നു നടത്തിയ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പിലും ഫെബ്രുവരി 14 നു ചെയര്മാന് ഷാജു തുരത്തനെതിരേ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും 17 നു നടത്തിയ അടിയന്തര കൗണ്‍സിലിലും ആര്.സന്ധ്യ പങ്കെടുത്തിരുന്നു.
നഗര സഭാധ്യക്ഷനായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിലെ ഷാജു തുരുത്തനെ പുറത്താക്കാന്‍ വോട്ടു ചെയ്യുന്നതിനാണ് ആര്. സന്ധ്യ നാട്ടില്‍ എത്തിയത്. ഷാജു തുരുത്തനെതിരെ വോട്ടു ചെയ്തതോടെ നഗരസഭാധ്യക്ഷന്‍ സ്ഥാനത്തു നിന്ന് ഷാജു പുറത്തായി. തുടര്‍ന്ന് വിദേശത്തേക്ക് പോയ ആര്.സന്ധ്യ മൂന്ന് മാസം നഗരസഭ കൗണ്‍സില്‍ യോഗത്തിലും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളിലും ഹാജരായില്ല.
മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് അയോഗ്യയാക്കിയതായി കാണിച്ച് മേയ് 19 നു കത്തയച്ചു. ഭര്‍ത്താവിന്റെ ആകസ്മികമായ വിയോഗവും പ്രത്യേക സാഹചര്യവും പരിഗണിച്ച് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയതിനാല് മേയ് 30 നു ചേര്‍ന്ന കൗണ്‍സില്‍ തീരുമാന പ്രകാരം വാര്‍ഡ് കൗണ്‍സിലറായി പുനസ്ഥാപിച്ചുവെങ്കിലും മേയ് 30 നു ശേഷവും തുടര്‍ച്ചയായി മൂന്ന് മാസം കൗണ്‍സില്‍ യോഗങ്ങളിലും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളിലും ഹാജരാകാത്തതിനാല്‍ കേരള മുനിസിപ്പാലിറ്റി ആക്ട് 1994 വകുപ്പ് 91 പ്രകാരം ഓഗസ്റ്റ് 31 മുതലാണ് ആര് സന്ധ്യയെ അയോഗ്യയാക്കിയിരിക്കുന്നത്.
ആര്.സന്ധ്യ
വാര്‍ഡിലെ വോട്ടര്‍മാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടില്ലെന്നും സാഹചര്യങ്ങളാണ് ഇവിടെ എത്തിച്ചതെന്നും ആര്.സന്ധ്യ പറഞ്ഞു.
തോമസ് പീറ്റര്‍
സന്ധ്യയുടെ നഗരസഭാധ്യക്ഷ സ്ഥാനം നഷ്ടമാകാതിരിക്കാന്‍ ഒട്ടേറ ശ്രമങ്ങള്‍ നടത്തി. നിയമമനുസരിച്ച് തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനാലാണ് കൗണ്‍സിലർ സ്ഥാനം നഷ്ടമായത്. പാര്‍ട്ടി ഇടപെട്ടാണ് സന്ധ്യ വോട്ടു ചെയ്യാന്‍ നാട്ടിലെത്തിയതെന്നും തനിക്ക് അവസാന ഒരു വര്‍ഷം ചെയര്മാന് സ്ഥാനം പാര്‍ട്ടി നേരത്തെ ഉറപ്പു നല്‍കിയിരുന്നതായും നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ പറഞ്ഞു.