ലാറ്റക്സ് ഫാക്ടറിക്ക് അരലക്ഷം പിഴ : നടപടിയുമായി കടുത്തുരുത്തി പഞ്ചായത്ത്
1594653
Thursday, September 25, 2025 6:40 AM IST
കടുത്തുരുത്തി: നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്ക് 50,000 രൂപ പിഴ ചുമത്തി കടുത്തുരുത്തി പഞ്ചായത്ത്. നീരാക്കല്‍ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഫാക്ടറിയുടെ സമീപത്തെ ഓടയിലേക്ക് രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം ഒഴുക്കുന്നതു മൂലം സമീപപ്രദേശത്തെ തോട് മാലിനപ്പെടുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പിഴ ചുമത്തിയതെന്നു പ്രസിഡന്റ് എന്‍.ബി. സ്മിത അറിയിച്ചു.
ചട്ടം ലംഘിച്ചു
പരിസരവാസികളുടെയും സമരസമിതിയുടെയും പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം മലിനീകരണ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍നിന്നുള്ള രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം സമീപത്തെ കിണറുകളിലെയും ജലസ്രോതസുകളിലെയും വെള്ളം മലിനമാക്കുകയും രൂക്ഷമായ ദുര്‍ഗന്ധം പരത്തുകയും ചെയ്യുന്നതായി നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്കി. 2025-26 വര്‍ഷത്തില്‍ ഫാക്ടറിക്ക് ലൈസന്‍സ് പുതുക്കി നല്കിയിരുന്നുമില്ല.
ഫാക്ടറി സന്ദർശിച്ചു
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വ്യവസായ വകുപ്പിന്റെയും അനുമതിയോടെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ വിഷയത്തില്‍ വീണ്ടും പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് ഫാക്ടറി സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തി.
പരിശോധനയില്‍ ഫാക്ടറിയില്‍നിന്നുള്ള രാസമാലിന്യങ്ങള്‍ സമീപത്തെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായും ഇതു സമീപത്തെ തോട്ടിലേക്കു വ്യാപിക്കുന്നതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് പരിസരത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറിക്ക് പിഴ ചുമത്താന്‍ ഭരണസമിതി തീരുമാനിച്ചതെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു.
പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് നല്‍കിയിരിക്കുന്ന അനുമതി സെപ്റ്റംബറില്‍ എട്ടിന് റദ്ദ് ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. വ്യവസായവകുപ്പ് നല്കിയ ഡ്രീംഡ് ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ നേരിട്ടു കണ്ട് അപേക്ഷ നല്‍കിയതായും പഞ്ചായത്തില്‍ പിഴ അടയ്ക്കാത്തപക്ഷം സ്ഥാപനത്തിനെതിരേ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് എന്‍.ബി. സ്മിത അറിയിച്ചു.
മലിനജലം പുറത്തേക്ക് ഒഴുക്കുന്നില്ല: ഫാക്ടറി അധികൃതര്‍
മുട്ടുചിറ: ഫാക്ടറിയില്‍നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കുന്നില്ലെന്ന് ഫാക്ടറി അധികൃതര്‍. ഫാക്ടറി ഇരിക്കുന്ന സ്ഥലം ഉയര്‍ന്ന പ്രദേശമാണ്. ഇവിടെനിന്ന് ഉറവയായി വെള്ളം പുറത്തേക്കു പോകുന്നുണ്ട്. ഇതു പരിഹരിക്കാന്‍ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ച് ഇടിപി പ്ലാന്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത് മുതല്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ലെന്നും നീരാക്കല്‍ ലാറ്റക്സ് ഡയറക്ടര്‍ ടിനോ ജയിംസ് പറഞ്ഞു.