ഡെന്മാർക്കിലും ഡ്രോൺ ഭീഷണി; വിമാനത്താവളങ്ങൾ അടച്ചു
Friday, September 26, 2025 12:08 AM IST
കോപ്പൻഹേഗൻ: ഡ്രോണുകൾ അതിക്രമിച്ചു പറന്നതിനെത്തുടർന്ന് ഡെന്മാർക്കിലെ വിമാനത്താവളങ്ങൾ അടച്ചിടേണ്ടിവന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
യൂറോപ്യൻ ആകാശത്ത് റഷ്യൻ ഡ്രോണുകളും യുദ്ധവിമാനങ്ങളും അതിക്രമിച്ചുകടക്കുന്നതിന്റെ തുടർച്ചയാണ് ഈ സംഭവമെന്ന് സൂചനയുണ്ട്. എന്നാൽ, സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും റഷ്യ ആണെന്നതിനു തെളിവില്ലെന്നുമാണ് ഡാനിഷ് പ്രതിരോധമന്ത്രി ട്രോൾസ് ലുൺഡ് പോൾസൻ പറഞ്ഞത്.
ഡെന്മാർക്കിന്റെ പടിഞ്ഞാറുഭാഗത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസപ്പെട്ടത്. ബില്ലുൺഡ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളം ഒരു മണിക്കൂർ അടച്ചിടേണ്ടിവന്നു.
വാണിജ്യ, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആൽബോർഗ് വിമാനത്താവളം മൂന്നു മണിക്കൂറും അടച്ചിട്ടു. എഫ്-35, എഫ്-16 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്ന മൂന്ന് വ്യോമസേനാ താവളങ്ങൾക്കു സമീപവും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു.
വ്യോമഗതാഗതം തടസപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തേണ്ടെന്ന് ഡാനിഷ് അധികൃതർ തീരുമാനിക്കുകയായിരുന്നു. ഡെന്മാർക്കിൽനിന്നു തന്നെയാണ് ഡ്രോണുകൾ പറത്തിയതെന്നു കണ്ടെത്തി.
സൈനിക, സൈനികേതര തന്ത്രങ്ങൾ കൂട്ടിയിണക്കിയ ഹൈബ്രിഡ് ആക്രമണമാണ് ഡെന്മാർക്കിനു നേർക്കുണ്ടായതെന്ന് പ്രതിരോധമന്ത്രി പോൾസൻ ആരോപിച്ചു.
അടുത്തകാലത്ത് റഷ്യൻ ഡ്രോണുകൾ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ ആരോപിച്ചു. എന്നാൽ റഷ്യക്കു പങ്കില്ലെന്ന് കോപ്പൻഹേഗനിലെ റഷ്യൻ അംബാസഡർ വ്ലാഡിമിർ ബാർബിൻ പ്രതികരിച്ചു.
ചൊവ്വാഴ്ചയും ഡെന്മാർക്കിൽ അജ്ഞാത ഡ്രോൺ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കോപ്പൻഹേഗൻ വിമാനത്താവളം അടച്ചിടേണ്ടിവന്നു.
സെപ്റ്റംബർ 10ന് പോളണ്ടിന്റെ അകാശത്തു പ്രത്യക്ഷപ്പെട്ട റഷ്യൻ ഡ്രോണുകളെ വെടിവച്ചു വീഴ്ത്തിയിരുന്നു.