ട്രംപിനെ തള്ളി റഷ്യ
Thursday, September 25, 2025 3:14 AM IST
മോസ്കോ: യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ യൂറോപ്പിന്റെ സഹായത്തിൽ യുക്രെയ്ൻ തിരിച്ചുപിടിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം തള്ളി റഷ്യ.
ട്രംപിന്റെ പ്രസ്താവനയോടു റഷ്യക്കു യോജിക്കാൻ കഴിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആർബിസി റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ട്രംപിന്റെ നയംമാറ്റത്തിനു കാരണമെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു.
യുദ്ധത്തെക്കുറിച്ചുള്ള യുക്രെയ്ൻ ഭാഗമാണു ട്രംപ് കേട്ടത്. ഈ വിവരങ്ങളാണ് ട്രംപിന്റെ അഭിപ്രായങ്ങളെ സ്വാധീനിച്ചത്. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളോട് റഷ്യക്കു യോജിക്കാൻ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.